മൈക്രോസോഫ്റ്റിലെ സേവനതടസ്സം ഘട്ടംഘട്ടമായി പരിഹരിക്കുന്നു; ഇമെയിലുകൾ ലഭിക്കാൻ വൈകുമെന്ന് കമ്പനി
ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് 365 സേവനങ്ങളിലുണ്ടായ സാങ്കേതിക തടസ്സം ഘട്ടംഘട്ടമായി പരിഹരിച്ചുവരികയാണെന്ന് കമ്പനി അറിയിച്ചു. ചില സേവനങ്ങളുടെ പ്രവർത്തനത്തിൽ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും സംവിധാനങ്ങൾ പൂർണ്ണമായും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. സെർവീസ് ബാക്ക്ലോഗുകളും കെട്ടിക്കിടക്കുന്ന ഇമെയിലുകളും ക്രമീകരിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് താൽക്കാലിക ബുദ്ധിമുട്ടുകൾ തുടരാൻ സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
വൈകിയെത്തുന്ന ഇമെയിലുകൾ നഷ്ടപ്പെടാതിരിക്കാൻ ടൈം ഔട്ട് പരിധി 48 മണിക്കൂറായി വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ പെൻഡിങ് ഇമെയിലുകൾ ഉപയോക്താക്കളിലേക്ക് എത്താൻ കൂടുതൽ സമയമെടുത്തേക്കാം. മറ്റ് സേവനങ്ങൾ സാധാരണ നിലയിലായാലും ഇമെയിൽ വിതരണത്തിൽ കാലതാമസം തുടർന്നേക്കാമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
നവംബർ 12 വ്യാഴാഴ്ച ആരംഭിച്ച തകരാർ ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ്, കോപൈലറ്റ്, വൺഡ്രൈവ്, ഷെയർപോയിന്റ് തുടങ്ങിയ പ്രധാന സേവനങ്ങളെയാണ് ബാധിച്ചത്. ലോകമെമ്പാടുമായി 43 കോടിയിലധികം ഉപയോക്താക്കളുള്ള മൈക്രോസോഫ്റ്റ് 365-ൽ, വ്യാഴാഴ്ച വൈകുന്നേരം 74 രാജ്യങ്ങളിൽ നിന്നായി 1.4 ലക്ഷത്തോളം പരാതികളാണ് ഡൗൺഡിറ്റക്ടറിൽ രേഖപ്പെടുത്തിയത്. ചില സെർവറുകൾ അപ്രതീക്ഷിതമായി പ്രവർത്തനരഹിതമായതോടെ ശേഷിക്കുന്ന സെർവറുകളിൽ അമിതഭാരം അനുഭവപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും, ഇതിന് പിന്നിൽ സൈബർ ആക്രമണമല്ലെന്നും മൈക്രോസോഫ്റ്റ് ആവർത്തിച്ച് വ്യക്തമാക്കി.
