ഭൂമിയിലേക്ക് സൗരക്കാറ്റ് പാഞ്ഞടുക്കുന്നു; ഇന്ത്യയിലും ധ്രുവദീപ്തിക്ക് സാധ്യത

  1. Home
  2. Tech

ഭൂമിയിലേക്ക് സൗരക്കാറ്റ് പാഞ്ഞടുക്കുന്നു; ഇന്ത്യയിലും ധ്രുവദീപ്തിക്ക് സാധ്യത

aurora


സൂര്യനിലുണ്ടായ അതിശക്തമായ വിസ്ഫോടനത്തെ തുടർന്ന് വൻതോതിലുള്ള സൗരക്കാറ്റ് (Solar Storm) തിങ്കളാഴ്ച ഭൂമിയിലേക്ക് പാഞ്ഞടുക്കുന്നതായി ശാസ്ത്രജ്ഞർ. ഇതേത്തുടർന്ന് നാസ ഉൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികൾ നിരീക്ഷണം ശക്തമാക്കുകയും 'G3-Class' ജിയോമാഗ്നറ്റിക് സ്റ്റോം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

സൂര്യന്റെ ഉപരിതലത്തിലെ 'AR4461' എന്ന സൺസ്പോട്ട് മേഖലയിലുണ്ടായ പൊട്ടിത്തെറിയാണ് സൗരക്കാറ്റിന് കാരണമായത്. ഇതിന്റെ ഫലമായി കോടിക്കണക്കിന് ടൺ പ്ലാസ്മ അടങ്ങുന്ന കാന്തിക മേഘം സെക്കൻഡിൽ 1,400 കിലോമീറ്ററിലധികം വേഗതയിലാണ് ഭൂമിക്ക് നേരെ വരുന്നത്. ശക്തമായ ഈ സോളാർ കൊടുങ്കാറ്റ് കാരണം ധ്രുവപ്രദേശങ്ങളിൽ മാത്രം കാണാറുള്ള 'അറോറ ബോറിയാലിസ്' (Northern Lights) പ്രതിഭാസം ഇത്തവണ ഉത്തരേന്ത്യയിലെ ഉയർന്ന ഹിമാലയൻ പ്രദേശങ്ങളായ ലഡാക്കിലെ ഹാൻലെ, ലേ എന്നിവിടങ്ങളിൽ ദൃശ്യമാകാൻ നേരിയ സാധ്യതയുണ്ട്. എന്നാൽ കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ഇത് ദൃശ്യമാകില്ല.

ഇന്ത്യയുടെ ആകാശത്ത് വടക്കൻ ചക്രവാളത്തിൽ നേരിയ പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിലായിരിക്കും ഈ ആകാശവിസ്മയം ദൃശ്യമാകുക. കൃത്രിമ വെളിച്ചമില്ലാത്ത ഇരുണ്ട ആകാശത്ത് ക്യാമറകളുടെ 'ലോങ് എക്സ്പോഷർ' മോഡ് ഉപയോഗിച്ച് ഇത് വ്യക്തമായി പകർത്താനാകും. സൂര്യൻ അതിന്റെ 11 വർഷത്തെ ചക്രത്തിലെ ഏറ്റവും സജീവമായ ഘട്ടത്തിലൂടെ (Solar Cycle 25) കടന്നുപോകുന്നതിനാലാണ് ഇത്തരം സോളാർ കൊടുങ്കാറ്റുകൾ ഇപ്പോൾ പതിവാകുന്നത്.