എൻവിഡിയയ്ക്ക് കടുത്ത വെല്ലുവിളി; സ്വന്തം 'ഹാലപെന്യോ' എ.ഐ ചിപ്പുമായി ഓപ്പൺ എ.ഐ

  1. Home
  2. Tech

എൻവിഡിയയ്ക്ക് കടുത്ത വെല്ലുവിളി; സ്വന്തം 'ഹാലപെന്യോ' എ.ഐ ചിപ്പുമായി ഓപ്പൺ എ.ഐ

JALAPENO


ചിപ്പ് വിപണിയിലെ എൻവിഡിയയുടെ മേധാവിത്വത്തിന് തടയിടാൻ സ്വന്തം എ.ഐ ചിപ്പുമായി പ്രമുഖ നിർമിത ബുദ്ധി കമ്പനിയായ ഓപ്പൺ എ.ഐ. ബ്രോഡ്കോമുമായി സഹകരിച്ച് വികസിപ്പിക്കുന്ന ഈ ചിപ്പിന് 'ഹാലപെന്യോ' (Jalapeño) എന്നാണ് പേരിട്ടിരിക്കുന്നത്. ഓപ്പൺ എ.ഐയുടെ സ്വന്തം മോഡലുകളുടെ ഇൻഫറൻസ് പ്രക്രിയ കൂടുതൽ വേഗത്തിലാക്കാനും ഹാർഡ്‌വെയർ മേഖലയിൽ പൂർണ നിയന്ത്രണം കൈവരിക്കാനുമാണ് ഈ നീക്കം.

കുറഞ്ഞ ഊർജത്തിൽ വേഗത്തിൽ പ്രതികരിക്കാൻ സാധിക്കുന്ന രീതിയിലാണ് ഹാലപെന്യോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ സിസ്റ്റങ്ങളെ അപേക്ഷിച്ച് ഒരു വാട്ടിൽ 1.5 മുതൽ 1.9 മടങ്ങുവരെ കൂടുതൽ എ.ഐ ജോലികൾ ചെയ്യാൻ ഇതിന് ശേഷിയുണ്ട്. കൂടാതെ, പ്രതികരണ സമയം (ലേറ്റൻസി) 3.6 മടങ്ങുവരെ കുറയ്ക്കാനും ഇന്ററാക്ടീവ് പ്രവൃത്തികളിൽ 4.1 മടങ്ങുവരെ ഉയർന്ന പ്രകടനം കാഴ്ചവെക്കാനും ഇതിന് സാധിക്കുമെന്ന് ഓപ്പൺ എ.ഐ വ്യക്തമാക്കി. GPT-OSS 120B, DeepSeek R1 തുടങ്ങിയ മുൻനിര എ.ഐ മോഡലുകളിൽ ചിപ്പ് വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു.

സ്വന്തം എ.ഐ മോഡലുകളുടെ സഹായത്തോടെ വെറും ഒൻപത് മാസം കൊണ്ടാണ് ഹാലപെന്യോയുടെ രൂപകൽപ്പനയും നിർമാണവും പൂർത്തിയാക്കിയത്. പ്രധാന എ.ഐ കമ്പനികൾ സ്വന്തമായി ചിപ്പുകൾ വികസിപ്പിച്ചു തുടങ്ങുന്നത് എൻവിഡിയയോടുള്ള അമിതാശ്രയം കുറയ്ക്കുന്നതിനൊപ്പം പ്രസ്തുത മേഖലയിൽ വലിയ മാറ്റങ്ങൾക്കും വഴിതുറക്കും.