പണം കൈമാറാം, ബില്ലടയ്ക്കാം; ബാങ്കിങ് സേവനങ്ങൾ ആരംഭിക്കാൻ ഇലോൺ മസ്‌കിന്റെ X

  1. Home
  2. Tech

പണം കൈമാറാം, ബില്ലടയ്ക്കാം; ബാങ്കിങ് സേവനങ്ങൾ ആരംഭിക്കാൻ ഇലോൺ മസ്‌കിന്റെ X

x money


സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'X' (പഴയ ട്വിറ്റർ) വഴി ബാങ്കിങ് സേവനങ്ങൾ നൽകാൻ ഒരുങ്ങി ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. യു.എസിലെ പ്രീമിയം, പ്രീമിയം+ സബ്‌സ്‌ക്രൈബർമാർക്കാവും ആദ്യഘട്ടത്തിൽ ഈ സേവനങ്ങൾ ലഭ്യമാകുക. എക്‌സിനെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു 'എവരിതിങ് ആപ്പ്' (Everything App) ആക്കി മാറ്റാനുള്ള മസ്‌കിന്റെ പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കം.

'X മണി' (X Money) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലൂടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാനും വ്യക്തികൾ തമ്മിൽ പണം കൈമാറാനും ബില്ലുകൾ അടയ്ക്കാനും സാധിക്കും. കൂടാതെ വയർ ട്രാൻസ്ഫർ വഴി പണമയക്കാനും മെയിൽ ചെക്കുകൾ പരിശോധിക്കാനും സാധിക്കും. ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ക്രോസ് റിവർ ബാങ്കിലാവും ഉപയോക്താക്കളുടെ നിക്ഷേപങ്ങൾ സൂക്ഷിക്കുക. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (FDIC) വഴി 2,50,000 ഡോളർ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയും ഇതിന് ലഭിക്കും.

ബാങ്കിങ് നിരക്കുകളെക്കാൾ ഉയർന്ന നിരക്കായ പ്രതിവർഷം ആറ് ശതമാനം വരെ പലിശയാണ് നിക്ഷേപങ്ങൾക്ക് എക്‌സ് മണി വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന നിരക്ക് ലഭിക്കുന്നതിന് പ്രീമിയം+ സബ്‌സ്‌ക്രൈബർമാർ ഡയറക്ട് ഡെപ്പോസിറ്റ് നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. മെസ്സേജിങ്, ഷോപ്പിങ്, ബാങ്കിങ് എന്നിവ ഒരുമിച്ച് നൽകുന്ന ചൈനയിലെ 'വീചാറ്റ്' മോഡലിലേക്ക് എക്‌സിനെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണിത്. ഭാവിയിൽ യു.എസിന് പുറത്തേക്കും ഈ സേവനം വ്യാപിപ്പിച്ചേക്കും.