യാത്രകൾ ഇനി കൂടുതൽ സ്മാർട്ടാകും; മലയാളം ഉൾപ്പെടെ 12 ഭാഷകളിൽ സ്ഥലനാമങ്ങളുമായി ആപ്പിൾ മാപ്പ്

  1. Home
  2. Tech

യാത്രകൾ ഇനി കൂടുതൽ സ്മാർട്ടാകും; മലയാളം ഉൾപ്പെടെ 12 ഭാഷകളിൽ സ്ഥലനാമങ്ങളുമായി ആപ്പിൾ മാപ്പ്

apple map


ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്കായി ആപ്പിൾ മാപ്പിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ അവതരിപ്പിച്ച് ആപ്പിൾ. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ സ്ഥലനാമങ്ങൾ, ഓഗ്മെന്റഡ് റിയാലിറ്റി (AR) വഴികാട്ടൽ, കൂടുതൽ കൃത്യതയുള്ള റോഡ് വിവരങ്ങൾ തുടങ്ങി ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഒട്ടേറെ പുത്തൻ ഫീച്ചറുകളാണ് പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പേരില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ പോലും കൃത്യമായ ദിശ കണ്ടെത്താൻ സഹായിക്കുന്ന സംവിധാനമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. റോഡിന്റെ പേരുകൾക്ക് പകരം സമീപത്തെ പെട്രോൾ പമ്പുകൾ, പ്രധാന കവലകൾ, മറ്റ് അടയാളങ്ങൾ എന്നിവ അടിസ്ഥാനമാക്കി വഴികാട്ടാൻ പുതിയ മാപ്പിന് സാധിക്കും.

മലയാളം ഉൾപ്പെടെ 12 ഭാഷകളിൽ ലേബലുകൾ

ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷകളിലും സ്ഥലനാമങ്ങൾ കാണാൻ കഴിയുന്ന ഇരുഭാഷാ (Bilingual) സംവിധാനമാണ് പുതിയ ആപ്പിൾ മാപ്പിലുള്ളത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ബംഗാളി, ഗുജറാത്തി, പഞ്ചാബി, ഒഡിയ, ഉർദു, ഹിന്ദി, ഇംഗ്ലീഷ് എന്നീ 12 ഭാഷകളിലാണ് സ്ഥലനാമങ്ങൾ ലഭ്യമാകുക. പരിചയമില്ലാത്ത ഇടങ്ങളിലെ റോഡുകളും പ്രധാന കേന്ദ്രങ്ങളും മാതൃഭാഷയിൽ തന്നെ എളുപ്പത്തിൽ തിരിച്ചറിയാൻ ഇത് യാത്രക്കാരെ സഹായിക്കും.

കാൽനട യാത്രയ്ക്ക് എ.ആർ വഴികാട്ടൽ

ഓഗ്മെന്റഡ് റിയാലിറ്റി (AR) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 'വാക്കിങ് ഡയറക്ഷൻ' സംവിധാനമാണ് മറ്റൊരു സവിശേഷത. ഐഫോൺ ക്യാമറ ചുറ്റുപാടുകളിലേക്ക് പിടിക്കുമ്പോൾ യഥാർത്ഥ കാഴ്ചകൾക്ക് മുകളിലായി പോകേണ്ട ദിശകൾ തെളിഞ്ഞുവരും. അപരിചിതമായ നഗരങ്ങളിലൂടെ നടക്കുമ്പോൾ ഫോണിലെ മാപ്പും ചുറ്റുമുള്ള കെട്ടിടങ്ങളും മാറിമാറി നോക്കേണ്ട ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാം.

തെരുവുകൾ നേരിൽ കാണാൻ 'ലുക്ക് എറൗണ്ട്' (Look Around)

യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ലക്ഷ്യസ്ഥാനത്തെ റോഡുകളും ചുറ്റുപാടുകളും ഉയർന്ന വ്യക്തതയുള്ള ചിത്രങ്ങളിലൂടെ പരിശോധിക്കാൻ 'ലുക്ക് എറൗണ്ട്' സൗകര്യം സഹായിക്കും. ഇതിനുപുറമെ, ഇന്ത്യയിലെ 300-ലധികം പ്രധാന ലാൻഡ്മാർക്കുകളും കെട്ടിടങ്ങളും ത്രിമാന (3D) രൂപത്തിൽ കാണാനുള്ള സൗകര്യവും മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡ്രൈവിങ്ങിനും പൊതുഗതാഗതത്തിനും പ്രത്യേക ക്രമീകരണങ്ങൾ

ലെയിൻ ഗൈഡൻസ്: ഫ്ലൈഓവറുകളിലും സങ്കീർണ്ണമായ ജങ്ഷനുകളിലും ശരിയായ ലെയിൻ തിരഞ്ഞെടുക്കാൻ ഡ്രൈവർമാർക്ക് കൃത്യമായ നിർദ്ദേശം ലഭിക്കും.

മൾട്ടി-സ്റ്റോപ്പ് റൂട്ടിങ്: ഒരേ യാത്രയിൽ 15 സ്റ്റോപ്പുകൾ വരെ ഉൾപ്പെടുത്തി റൂട്ട് പ്ലാൻ ചെയ്യാം. മാക്, ഐപാഡ് എന്നിവയിൽ തയ്യാറാക്കുന്ന റൂട്ടുകൾ എളുപ്പത്തിൽ ഐഫോണിലേക്ക് മാറ്റാനും സാധിക്കും.

പൊതുഗതാഗത വിവരങ്ങൾ: അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ എന്നീ എട്ട് നഗരങ്ങളിലെ പൊതുഗതാഗത വിവരങ്ങളും സ്റ്റേഷനുകളും മാപ്പിൽ ലഭ്യമാണ്. (നിലവിൽ കേരളത്തിലെ നഗരങ്ങൾ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല).

സൈക്കിൾ യാത്രക്കാർക്ക്: സൈക്കിൾ പാതകൾ, റോഡുകളിലെ കയറ്റിറക്കങ്ങൾ, പടിക്കെട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും മാപ്പിലുണ്ട്.

സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻഗണന

ആപ്പിൾ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാതെ തന്നെ മാപ്പ് ഉപയോഗിക്കാമെന്നത് ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നു. യാത്രാ വിവരങ്ങളും തിരച്ചിലുകളും ഉപകരണത്തിനുള്ളിൽ തന്നെ സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്ന രീതിയിലാണ് രൂപകൽപ്പന. ഇരുഭാഷാ സ്ഥലനാമങ്ങളും മെച്ചപ്പെടുത്തിയ ശബ്ദവഴികാട്ടലും ഉൾപ്പെടെയുള്ള പുതിയ സൗകര്യങ്ങൾ ലഭിക്കുന്നതിനായി ഉപയോക്താക്കൾ ഐ.ഒ.എസ് (iOS) 27.2 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിലേക്ക് ഫോൺ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.