ലോകത്തിലെ ഏറ്റവും വലിയ എ.ഐ സാറ്റലൈറ്റ് ശൃംഖല നിർമിക്കാൻ യു.എ.ഇയും ഫ്രാൻസും; 'അൽതാർ-നെക്സ്റ്റ് ജെൻ' പദ്ധതിക്ക് ഒപ്പുവെച്ചു

  1. Home
  2. Tech

ലോകത്തിലെ ഏറ്റവും വലിയ എ.ഐ സാറ്റലൈറ്റ് ശൃംഖല നിർമിക്കാൻ യു.എ.ഇയും ഫ്രാൻസും; 'അൽതാർ-നെക്സ്റ്റ് ജെൻ' പദ്ധതിക്ക് ഒപ്പുവെച്ചു

ai


ബഹിരാകാശ സാങ്കേതികവിദ്യയിൽ നിർണായക ചുവടുവെപ്പുമായി ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാറ്റലൈറ്റ് ശൃംഖല നിർമിക്കാൻ യു.എ.ഇയും ഫ്രാൻസും കൈകോർക്കുന്നു. 100 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന 'അൽതാർ-നെക്സ്റ്റ് ജെൻ' (Altair-NextGen) പദ്ധതിയുടെ കരാർ പാരീസിൽ നടന്ന അന്താരാഷ്ട്ര സ്പേസ് ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.

യു.എ.ഇ ആസ്ഥാനമായുള്ള മാർലൻ സ്‌പേസ് (IHC), ലോഫ്റ്റ് ഓർബിറ്റൽ, ഫ്രഞ്ച് എ.ഐ കമ്പനിയായ മിസ്ട്രൽ, ബ്ലാക്ക്സ്‌കൈ, മയാസ്‌പേസ് എന്നിവരുടെ കൺസോർഷ്യമാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ആദ്യഘട്ടമായി അത്യാധുനിക റഡാറുകളും സെൻസറുകളും അടങ്ങിയ 50 കൃത്രിമോപഗ്രഹങ്ങൾ അബൂദബി കിസാദിലെ 'ഓർബിറ്റ് വർക്‌സ്' കേന്ദ്രത്തിൽ നിർമ്മിച്ച് വിക്ഷേപിക്കും.

ഭ്രമണപഥത്തിൽ വെച്ചുതന്നെ എ.ഐ സാങ്കേതികവിദ്യ വഴി വിവരങ്ങൾ വിശകലനം ചെയ്ത് സെക്കൻഡുകൾക്കുള്ളിൽ ഭൂമിയിലേക്ക് എത്തിക്കാൻ സാധിക്കുമെന്നതാണ് ഈ ഉപഗ്രഹങ്ങളുടെ പ്രധാന സവിശേഷത. കാട്ടുതീ, ദുരന്തനിവാരണം, സമുദ്ര സുരക്ഷ എന്നിവയ്ക്ക് തത്സമയ മുന്നറിയിപ്പ് നൽകാൻ ഉപയോഗിക്കുന്ന ഈ സേവനം യു.എ.ഇ, ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ സർക്കാരുകൾക്കും ആഗോള വാണിജ്യ ഉപഭോക്താക്കൾക്കും ലഭ്യമാകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബഹിരാകാശ സേവനങ്ങൾ ലോകത്തിന് നൽകുന്ന മുൻനിര രാജ്യമായി യു.എ.ഇ മാറും.