'യൂസർനെയിം ഫീച്ചർ അറട്ടൈ നീക്കും'; കേന്ദ്ര ഇടപെടലിന് പിന്നാലെ ശ്രീധർ വെമ്പു

  1. Home
  2. Tech

'യൂസർനെയിം ഫീച്ചർ അറട്ടൈ നീക്കും'; കേന്ദ്ര ഇടപെടലിന് പിന്നാലെ ശ്രീധർ വെമ്പു

arattai


ഫോൺ നമ്പർ വെളിപ്പെടുത്താതെ ആശയവിനിമയം സാധ്യമാക്കുന്നതിനായി വാട്‌സ്ആപ്പ് പ്രഖ്യാപിച്ച 'യൂസർനെയിം ഫീച്ചർ' രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെ, തദ്ദേശീയ മെസേജിങ് ആപ്പായ 'അറട്ടൈ'യിൽ (Arattai) നിന്ന് ഈ ഫീച്ചർ എടുത്തുമാറ്റുമെന്ന് സോഹോ (Zoho) സഹസ്ഥാപകൻ ശ്രീധർ വെമ്പു പ്രഖ്യാപിച്ചു. ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കാനുള്ള സാധ്യത മുൻനിർത്തി ഈ ഫീച്ചർ തത്കാലത്തേക്ക് പുറത്തിറക്കരുതെന്ന് വാട്‌സ്ആപ്പിനോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചതിന് പിന്നാലെയാണ് ശ്രീധർ വെമ്പു എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ ഈ തീരുമാനം വ്യക്തമാക്കിയത്.

മെസേജിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് യൂസർനെയിം ഫീച്ചർ പൂർണ്ണമായി എടുത്തുമാറ്റണമെന്ന് കേന്ദ്ര സർക്കാർ ഇതുവരെ കർശന നിർദ്ദേശം നൽകിയിട്ടില്ല. നിലവിൽ മെറ്റ, ടെലഗ്രാം, സിഗ്‌നൽ എന്നീ ആഗോള പ്ലാറ്റ്‌ഫോമുകളോട് വിഷയത്തിൽ വിശദീകരണം ചോദിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. പുതുതായി നിയമിതനായ വാട്‌സ്ആപ്പ് ആഗോള സിഇഒ കുനാൽ ഷാ ഈ ഫീച്ചറിനെക്കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്രം അടിയന്തരമായി ഇടപെട്ടത്. ഡിജിറ്റൽ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്ന കാര്യങ്ങളിൽ കൃത്യമായ ചർച്ചകൾ പൂർത്തിയാകുന്നത് വരെ ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് തടഞ്ഞിരിക്കുകയാണ്. എങ്കിലും മുൻകരുതൽ എന്ന നിലയ്ക്കാണ് തദ്ദേശീയ ആപ്പായ അറട്ടൈയിൽ നിന്ന് ഈ സംവിധാനം നീക്കാൻ സോഹോ തീരുമാനിച്ചത്.

ആഗോള ബഹുരാഷ്ട്ര ടെക് കമ്പനികളോട് മത്സരിക്കാൻ ഇന്ത്യൻ കമ്പനിയായ സോഹോ നിർമ്മിച്ച ജനപ്രിയ മെസേജിങ് ആപ്പാണ് അറട്ടൈ. വർത്തമാനം അല്ലെങ്കിൽ തമാശക്കഥകൾ (casual talk) എന്നർത്ഥം വരുന്ന തമിഴ് വാക്കിൽ നിന്നാണ് ആപ്പിന് ഈ പേര് നൽകിയത്. വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവയ്ക്ക് സമാനമായി ടെക്സ്റ്റ് മെസേജിങ്ങിന് പുറമെ വോയ്‌സ്-വീഡിയോ കോളുകളും മീഡിയ ഷെയറിങ്ങും ഇതിൽ ലഭ്യമാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്താതെ ഉയർന്ന സ്വകാര്യത ഉറപ്പുനൽകുന്ന 'മെയ്ഡ് ഇൻ ഇന്ത്യ' ആപ്പ് എന്ന നിലയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടക്കമുള്ളവർ മുൻപ് അറട്ടൈയെ പ്രോത്സാഹിപ്പിച്ചിരുന്നു.