വാട്‌സാപ്പിൽ ‘മെറ്റാ ബിസിനസ് ഏജന്റ്’ എ.ഐ സംവിധാനം അവതരിപ്പിച്ചു; സംരംഭകർക്ക് ഇനി 24 മണിക്കൂറും ഉപഭോക്തൃ സേവനം
ബിസിനസ് സംരംഭങ്ങൾക്ക് ഉപഭോക്താക്കളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്തുന്നതിനായി പുതിയ 'മെറ്റാ ബിസിനസ് ഏജന്റ്' എ.ഐ സംവിധാനം വാട്‌സാപ്പ് പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന വാർഷിക ബിസിനസ് ഉച്ചകോടിയുടെ മൂന്നാം പതിപ്പിലാണ് മെറ്റാ ഈ പുത്തൻ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.
ബിസിനസ് സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും വ്യക്തിഗത ഉപഭോക്തൃ സേവനം നൽകാൻ സഹായിക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് തത്സമയം മറുപടി നൽകുക, ആവശ്യമായ ഉൽപ്പന്നങ്ങൾ നിർദ്ദേശിക്കുക, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുക, വിൽപ്പന പൂർത്തിയാക്കാൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങൾ ഈ എ.ഐ ഏജന്റ് നിർവ്വഹിക്കും.
വെറുമൊരു കസ്റ്റമർ കെയർ എന്നതിനപ്പുറം ബിസിനസ് ഉടമകൾക്ക് മികച്ചൊരു പങ്കാളിയായി ഇത് പ്രവർത്തിക്കുമെന്ന് മെറ്റാ ഇൻ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ ശ്രീനിവാസ് പറഞ്ഞു. മെറ്റാ ബിസിനസ് ഏജന്റിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ വാട്‌സാപ്പിലൂടെ ഉപഭോക്താക്കൾക്ക് ഇനി വേഗത്തിൽ കണ്ടെത്താനാകും.
