പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ്, ഗ്രൂപ്പുകൾക്കായുള്ള വോയിസ് ചാറ്റ് ഫീച്ചർ പുറത്തിറക്കി
ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് കോളുകൾ ചെയ്യുമ്പോൾ കൂടുതൽ എളുപ്പമാകുന്ന രീതിയിലുള്ള ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചർ ഓരോരുത്തർക്കും ലഭ്യമാക്കി വരികയാണ്. നിലവിൽ ഒരു ഗ്രൂപ്പ് കോളിലേക്ക് പുതിയൊരാളെ ആഡ് ചെയ്താൽ ആ വ്യക്തിക്ക് സാധാരണ കോളുകൾ വരുന്നത് പോലെ റിങ് ലഭിക്കും. ഇത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് വോയിസ് ചാറ്റ് ഫീച്ചർ വരുന്നത്. സ്ലാക്ക്, ഡിസ്‌കോർഡ് തുടങ്ങിയ ആപ്പുകളിൽ ലഭ്യമായ ഗ്രൂപ്പ് കോൾ ഫീച്ചറുകൾ പോലെയുള്ള ഫീച്ചറാണ് വാട്സ്ആപ്പ് ഇപ്പോൾ അവതരിപ്പിച്ചിരിക്കു്നത്. ഗ്രൂപ്പ് കോളിൽ ഒരാളെ ആഡ് ചെയ്യുന്നതിന് പകരം വോയിസ് ചാറ്റുകൾ തിരഞ്ഞെടുത്താൽ ആളുകൾക്ക് വോയിസ് മെസേജുകൾ ലഭിക്കും. ഇത്തരം ചാറ്റുകൾക്കിടയിൽ മറ്റ് കാര്യങ്ങൾ ചെയ്യുകയും ചെയ്യാം എന്നതാണ് ഏറ്റവും വലിയ ഗുണം. സുഹൃത്തുക്കളുമായി കോളുകൾ വിളിക്കുന്നതിന് പകരം ഉപയോഗിക്കാവുന്ന കമ്മ്യൂണിക്കേഷൻ രീതി എന്ന നിലയിലാണ് പുതിയ ഫീച്ചർ വരുന്നത്.
ആൻഡ്രോയിഡിലെ വോയിസ് ചാറ്റുകളുടെ റോളൗട്ട് വാട്സ്ആപ്പ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൌണ്ട് വഴിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായുള്ള വാട്സ്ആപ്പിന്രെ ഏറ്റവും പുതിയ പതിപ്പുകളിലേക്ക് അപ്‌ഡേറ്റ് ചെയ്‌ത ചില ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്. എല്ലാ ഡിവൈസുകളിലും ഇത് ലഭ്യമായിക്കണം എന്നില്ല. വൈകാതെ തന്നെ ഫോണുകൾക്കും ഇത് ലഭിക്കും. ഗ്രൂപ്പിനായി വോയിസ് ചാറ്റുകൾ എനേബിൾ ചെയ്താൽ ഗ്രൂപ്പ് കോൾ ബട്ടണിന് പകരം വോയ്‌സ് ചാറ്റ് ഓപ്ഷൻ കാണിക്കും.