ബഹിരാകാശത്ത് വിസ്മയം; മൂന്ന് ദിവസത്തിനിടെ ഭൂമിക്കരികിലെത്തുന്നത് 10 ഉൽക്കകൾ
ബഹിരാകാശത്ത് അപൂർവ്വ പ്രതിഭാസമെന്നോണം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പത്ത് ഉൽക്കകൾ ഭൂമിയുടെ ദൃശ്യപരിധിയിലൂടെ കടന്നുപോകുന്നു. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള 72 മണിക്കൂറിനുള്ളിലാണ് ഇത്രയധികം ഉൽക്കകൾ ഭൂമിക്ക് സമീപമെത്തുന്നത്. നാസയുടെ 'സെന്റർ ഫോർ നിയർ എർത്ത് ഒബ്‌ജക്ട് സ്റ്റഡീസ്' ആണ് ഭൂമിക്കുനേരെ കുതിക്കുന്ന ഈ ഉൽക്കകളെ കണ്ടെത്തിയത്.
വിവിധ വലുപ്പത്തിലുള്ള ഈ ഉൽക്കകളിൽ '2015 XX168' എന്ന ചെറിയ ഉൽക്ക കഴിഞ്ഞദിവസം ഭൂമിയിൽ നിന്ന് 2.3 ദശലക്ഷം കിലോമീറ്റർ അകലത്തിലൂടെ കടന്നുപോയി. ശനിയാഴ്ചയോടെ '2025 XV' എന്ന മറ്റൊരുൽക്കയും ഭൂമിക്കടുത്തെത്തും. സെക്കൻഡിൽ 6 മുതൽ 17 കിലോമീറ്റർ വരെ വേഗതയിലാണ് ഇവയുടെ സഞ്ചാരം. കൂട്ടത്തിലെ ഏറ്റവും വലിയ ഉൽക്കയ്ക്ക് 170 മീറ്ററോളം വലുപ്പമുണ്ട്. മറ്റുള്ളവ 60 മുതൽ 120 മീറ്റർ വരെ വലുപ്പമുള്ളവയാണ്. വെറും ഏഴ് മീറ്റർ മാത്രം നീളമുള്ള ചെറിയ ഉൽക്കയും ഈ കൂട്ടത്തിലുണ്ട്.
ചന്ദ്രന്റെ ഭ്രമണപഥത്തിന് അല്പം മാറിയാണ് ഇവയുടെ സഞ്ചാരപാതയെങ്കിലും ഉയർന്ന വേഗത കാരണം പാതയിൽ നേരിയ മാറ്റമുണ്ടായാൽ പോലും ഇവ ഭൂമിയിൽ പതിക്കാനുള്ള സാധ്യത ശാസ്ത്രലോകം തള്ളിക്കളയുന്നില്ല. ഭൂരിഭാഗം ഉൽക്കകളും ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ തന്നെ കത്തിത്തീരാനാണ് സാധ്യത. എങ്കിലും വലിയ ഉൽക്കകളുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിച്ചേക്കാമെന്നും അവ ചെറിയ തോതിലുള്ള ആഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ നിരീക്ഷിക്കുന്നുണ്ട്. നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം ഇവയിലൊന്ന് ഭൂമിക്ക് വളരെ അടുത്തുകൂടിയാകും സഞ്ചരിക്കുക.
