എ.ഐയുമായി തത്സമയം വിഡിയോ കോൾ ചെയ്യാം; പുതിയ ഫീച്ചറുമായി മെറ്റയുടെ 'മ്യൂസ്'

  1. Home
  2. Tech

എ.ഐയുമായി തത്സമയം വിഡിയോ കോൾ ചെയ്യാം; പുതിയ ഫീച്ചറുമായി മെറ്റയുടെ 'മ്യൂസ്'

muse


എ.ഐയോട് സംശയങ്ങൾ ചോദിക്കുന്നതിനപ്പുറം ഒരു സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ മുഖാമുഖം സംസാരിക്കാനുള്ള പുതിയ സൗകര്യവുമായി മെറ്റ. വെറുമൊരു ശബ്ദമോ ടെക്സ്റ്റ് സന്ദേശങ്ങളോ മാത്രമല്ല, മുഖഭാവങ്ങളും കൈയാംഗ്യങ്ങളുമുള്ള ഡിജിറ്റൽ അവതാരവുമായി നേരിട്ട് വിഡിയോ കോളിൽ സംസാരിക്കാനുള്ള അവസരമാണ് കമ്പനിയുടെ പുതിയ പേഴ്സണൽ എ.ഐ അസിസ്റ്റന്റായ 'മ്യൂസ്' (Muse) നൽകുന്നത്.

ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനപ്പുറം ഉപയോക്താവിന്റെ ആവശ്യങ്ങൾ മനസിലാക്കി വിവിധ ജോലികൾ ഏറ്റെടുത്ത് ചെയ്യാൻ കഴിയുന്ന ഒരു പേഴ്സണൽ എ.ഐ ഏജന്റാണിത്. സംഭാഷണ വേളയിൽ അവതാരത്തിന്റെ ചുണ്ടുകളുടെ ചലനവും മുഖഭാവങ്ങളും സ്വാഭാവികമായി മാറുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇതിനായി 'Muse Realtime Voice', 'Muse Realtime Avatar' എന്നീ സാങ്കേതികവിദ്യകളാണ് മെറ്റ ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ താൽപര്യത്തിനനുസരിച്ച് അവതാരത്തിന്റെ രൂപവും ശബ്ദവും മാറ്റാനും നൂറുകണക്കിന് ശബ്ദശൈലികളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും സാധിക്കും.

വെബ്സൈറ്റുകൾ സന്ദർശിക്കുക, വില വിവരങ്ങൾ താരതമ്യം ചെയ്യുക, ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കുക, ഇമെയിലുകൾ കൈകാര്യം ചെയ്യുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ മ്യൂസ് ചെയ്തുതരും. കൂടാതെ മുൻഗണനകളും താൽപര്യങ്ങളും ഓർത്തുവെക്കാനുള്ള സംവിധാനവുമുണ്ട്. സുരക്ഷ മുൻനിർത്തി പണമിടപാടുകൾക്കും സന്ദേശങ്ങൾ അയക്കുന്നതിനും ഉപയോക്താവിന്റെ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ 5 മുതൽ അമേരിക്കയിൽ ലഭ്യമാക്കിത്തുടങ്ങിയ ഈ സേവനം ഇന്ത്യയിൽ എപ്പോൾ എത്തുമെന്നതിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.