ലൈക്ക് ചെയ്ത റീലുകൾ നോക്കി യാത്ര പ്ലാൻ ചെയ്യാം; ഇൻസ്റ്റഗ്രാം ഡി.എമ്മിൽ ‘മ്യൂസ്’ എഐ അസിസ്റ്റന്റ്
ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് നേരിട്ട് ഡി.എമ്മിലൂടെ മെറ്റയുടെ എ.ഐ അസിസ്റ്റന്റായ മ്യൂസുമായി (Muse) സംവദിക്കാനുള്ള പുതിയ സൗകര്യം എത്തി. പഴയ ചാറ്റുകൾ ചുരുക്കി നൽകുക, യാത്രകൾ ആസൂത്രണം ചെയ്യുക, ഇൻസ്റ്റഗ്രാമിൽ കണ്ടതും ലൈക്ക് ചെയ്തതുമായ പോസ്റ്റുകൾ കണ്ടെത്താൻ സഹായിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി മ്യൂസിനെ ഉപയോഗിക്കാം. മറ്റൊരു ആപ്പിലേക്ക് മാറാതെതന്നെ ഇൻസ്റ്റഗ്രാമിനുള്ളിൽ നിന്ന് എ.ഐ സഹായം തേടാൻ ഉപയോക്താക്കൾക്ക് സാധിക്കും. ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾക്കിടെ കണ്ട ബ്രാൻഡുകളോ അക്കൗണ്ടുകളോ മറന്നുപോയാൽ, അതുമായി ബന്ധപ്പെട്ട സൂചനകൾ നൽകി ഉപയോക്താവിന്റെ ആക്ടിവിറ്റി പരിശോധിച്ച് അവ കണ്ടെത്താനും മ്യൂസിന് കഴിയും.
ദിവസങ്ങളോളം നീളുന്ന ഗ്രൂപ്പ് ചാറ്റുകളിലെ പ്രധാന വിവരങ്ങൾ സംഗ്രഹിച്ചു നൽകുന്നതിലൂടെ തിരക്കിനിടയിൽ ശ്രദ്ധിക്കാതെ പോയ സന്ദേശങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ ഫീച്ചർ സഹായിക്കും. ഉപയോക്താവ് ലൈക്ക് ചെയ്ത റീലുകളുടെ അടിസ്ഥാനത്തിൽ യാത്രാ പദ്ധതികളും മുന്നൊരുക്കങ്ങളും തയ്യാറാക്കാൻ മ്യൂസിനോട് ആവശ്യപ്പെടാം. സേവ് ചെയ്ത ഭക്ഷണ പോസ്റ്റുകൾ പരിശോധിച്ചും ഫാഷൻ താൽപ്പര്യങ്ങൾ മനസ്സിലാക്കിയും ഭക്ഷണവിഭവങ്ങളും വസ്ത്രങ്ങളും നിർദേശിക്കാനും മ്യൂസിന് സാധിക്കുമെന്ന് മെറ്റ വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാമിൽ ആരംഭിക്കുന്ന സംഭാഷണങ്ങൾ പിന്നീട് പ്രത്യേക മ്യൂസ് ആപ്പിലും തുടരാനാകും.
ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യതയിൽ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കുമെന്നും മെറ്റ അറിയിച്ചു. അനുമതിയില്ലാതെ ഒരു വിവരവും മ്യൂസ് പങ്കുവെക്കുകയോ പ്രസിദ്ധീകരിക്കുകയോ സന്ദേശമായി അയക്കുകയോ ചെയ്യില്ലെന്നും, നിർദേശങ്ങൾ പിൻവലിക്കാനും വിവരങ്ങൾ മറക്കാൻ ആവശ്യപ്പെടാനും ഉപയോക്താക്കൾക്ക് അവസരമുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ ഐ.ഒ.എസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ യു.എസ്, കാനഡ, മെക്സിക്കോ, ജപ്പാൻ, സിംഗപ്പുർ എന്നിവിടങ്ങളിലാണ് ഫീച്ചർ ലഭ്യമായിത്തുടങ്ങിയത്. ഇന്ത്യയിലും യൂറോപ്യൻ രാജ്യങ്ങളിലും എന്ന് എത്തുമെന്ന് മെറ്റ പ്രഖ്യാപിച്ചിട്ടില്ല, കർശന ഡേറ്റാ സ്വകാര്യതാ നിരീക്ഷണങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. യുകെയിൽ ഫീച്ചർ അവതരിപ്പിച്ചെങ്കിലും അധികൃതരുടെ സൂക്ഷ്മപരിശോധനയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്.
