ഏത് ഭാഷക്കാരോടും മലയാളത്തിൽ സംസാരിക്കാം ; എഐ വിവർത്തനം ചെയ്യും

  1. Home
  2. Tech

ഏത് ഭാഷക്കാരോടും മലയാളത്തിൽ സംസാരിക്കാം ; എഐ വിവർത്തനം ചെയ്യും

phon


മാതൃഭാഷയിൽ സംസാരിക്കാനുള്ള സംവിധാനവുമായി സാംസങ്. ഗ്യാലക്‌സി എഐ എന്ന പേരിൽ വികസിപ്പിച്ച നിർമിത ബുദ്ധി (എഐ) സേവനം പ്രയോജനപ്പെടുത്തിയാണ് പുതിയ ഫീച്ചർ. മറ്റൊരു ഭാഷക്കാരനുമായി ഫോണിൽ സംസാരിക്കുമ്പോൾ തത്സമയം തർജ്ജമ ചെയ്യാനുള്ള ശേഷി ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഓൺ-ഡിവൈസ് എഐ ആയിരിക്കും ഗ്യാലക്‌സി എഐ. എഐ ലൈവ് ട്രാൻസ്‌ലേറ്റ് എന്നാണ് പുതിയ ഫീച്ചറിന് കമ്പനി നൽകിയിരിക്കുന്ന പേര്. മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി ഫോണിൽ സംസാരിക്കുമ്പോൾ ടെക്‌സ്റ്റും ഓഡിയോയും തത്സമയം തർജ്ജമ ചെയ്തു നൽകാൻ നിലവിൽ തേഡ് പാർട്ടി തർജ്ജമ ആപ്പുകൾ ഉപയോഗിക്കണം.

പുതിയ ഫീച്ചർ വരുന്നതോടെ അതിന് മാറ്റമുണ്ടാകും. ഫോണിന്റെ കോളിങ് ഫങ്ഷനിലേക്ക് ഈ ഫീച്ചർ ആഡ് ചെയ്യുന്ന ആദ്യ കമ്പനികളിലൊന്നാണ് സാംസങ്. ഫോൺ സംസാരത്തിന്റെ പ്രൈവസി നിലനിർത്താനായി തർജ്ജമ പൂർണ്ണമായും നടക്കുന്നത് ഫോണിൽ തന്നെയാകുമെന്ന് സാംസങ് പറയുന്നു. അടുത്ത വർഷം ആദ്യം ഗ്യാലക്‌സി എഐ ആക്ടീവാകുമെന്നാണ് സൂചന. ഗ്യാലക്‌സി എഐക്കു പുറമെ സാംസങ് എഐ ഫോറം 2023 ൽ കമ്പനിയുടെ മറ്റൊരു എഐ ടെക്‌നോളജിയും പരിചയപ്പെടുത്തിയിരുന്നു. സാംസങ് ഗോസ് (Gauss) എന്ന പേരിൽ ലാർജ് ലാംഗ്വെജ് മോഡലാണ് കമ്പനി അവതരിപ്പിച്ചത്.

ചാറ്റ്ജിപിടിക്കു സമാനമായ പല ഫീച്ചറുകളുമാണ് ഇതിലുണ്ടെന്നത് ശ്രദ്ധേയമാണ്. ഫോട്ടോകളും ടെക്‌സ്റ്റും ജനറേറ്റ് ചെയ്യുക, ദൈർഘ്യമേറിയ എഴുത്തിന്റെ രത്‌നച്ചുരുക്കം നൽകുക തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിനുണ്ട്. കമ്പ്യൂട്ടർ കോഡുകളും മറ്റും എഴുതുന്നവരെ സഹായിക്കാൻ കോഡ്.ഐ (code.i) ഫീച്ചറും ഇതിലുണ്ട്. ഹാർഡ്‌വെയർ നിർമാണ മേഖലയിൽ ആപ്പിൾ പോലും ആശ്രയിക്കുന്ന കമ്പനിയാണ് സാംസങ്. കമ്പനിയുടെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് 2024ൽ പുറത്തിറക്കിയേക്കും. സാംസങ് ആദ്യം പരിചയപ്പെടുത്തിയ പ്രോട്ടോടൈപ്പിന് ആപ്പിൾ വിഷൻ പ്രോയുമായി സാമ്യമുണ്ടെന്ന വിമർശനമുയർന്നിരുന്നു. ഇതോടെ പുതിയ രൂപകൽപനാ രീതിയുമായാണ് കമ്പനി എത്തുന്നത്. ഓലെഡോസ് (OLEDoS) അല്ലെങ്കിൽ ഓലെഡ് ഓൺ സിലിക്കൺ ടെക്‌നോളജി ആണ് ഇതിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.