നിങ്ങളുടെ എഐ ചാറ്റുകൾ ഇനി മെറ്റ പോലും കാണില്ല; 'ഇൻകോഗ്നിറ്റോ' ഫീച്ചറുമായി വാട്‌സ്ആപ്പ്

  1. Home
  2. Tech

നിങ്ങളുടെ എഐ ചാറ്റുകൾ ഇനി മെറ്റ പോലും കാണില്ല; 'ഇൻകോഗ്നിറ്റോ' ഫീച്ചറുമായി വാട്‌സ്ആപ്പ്

incognito whatsapp


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റുകൾക്ക് അതീവ സുരക്ഷയൊരുക്കാൻ വിപ്ലവകരമായ മാറ്റവുമായി മെറ്റ. വാട്‌സ്ആപ്പിലും മെറ്റാ എഐ ആപ്പിലും ഇനി മുതൽ 'ഇൻകോഗ്നിറ്റോ ചാറ്റ്' (Incognito Chat) സൗകര്യം ലഭ്യമാകും. വ്യക്തിപരമായ ആരോഗ്യ വിവരങ്ങൾ, സാമ്പത്തിക കാര്യങ്ങൾ, കരിയർ ഉപദേശങ്ങൾ തുടങ്ങി രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ സ്വകാര്യതയോടെ ചോദിച്ചറിയാൻ ഈ ഫീച്ചർ സഹായിക്കും.

ഈ സംവിധാനത്തിലൂടെ ഉപഭോക്താവ് ചോദിക്കുന്ന ചോദ്യങ്ങളോ എഐ നൽകുന്ന മറുപടികളോ വായിക്കാൻ മെറ്റയ്ക്ക് പോലും സാധിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇൻകോഗ്നിറ്റോ ചാറ്റിലെ സംഭാഷണങ്ങൾ ഒരിടത്തും സേവ് ചെയ്യപ്പെടില്ല. ചാറ്റ് വിൻഡോ ക്ലോസ് ചെയ്യുന്നതോടെ സന്ദേശങ്ങൾ അപ്രത്യക്ഷമാകും. ഉപഭോക്താവിന്റെ ഐപി അഡ്രസ്സ് (IP Address) പോലുള്ള വിവരങ്ങൾ മറച്ചുവെച്ചുകൊണ്ടാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത് എന്നതിനാൽ പുറത്തുനിന്നുള്ള ആർക്കും ഇത് ട്രാക്ക് ചെയ്യാനാവില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

ഓരോ തവണ ഇൻകോഗ്നിറ്റോ ചാറ്റ് തുടങ്ങുമ്പോഴും പുതിയൊരു സംഭാഷണമായിട്ടായിരിക്കും അത് കണക്കാക്കപ്പെടുക. മുൻകാല വിവരങ്ങളൊന്നും എഐ ഓർത്തെടുക്കില്ല. ഇതിനുപുറമെ 'സൈഡ് ചാറ്റ്' (Side Chat) എന്ന ഫീച്ചറും മെറ്റാ പരീക്ഷിക്കുന്നുണ്ട്. നിലവിലുള്ള ഗ്രൂപ്പ് ചാറ്റുകൾക്കോ വ്യക്തിഗത ചാറ്റുകൾക്കോ ഉള്ളിൽ ഇരുന്നുകൊണ്ട് തന്നെ വിവരങ്ങൾ ചോരാതെ എഐയുടെ സഹായം തേടാൻ ഇതിലൂടെ സാധിക്കും. ഡിജിറ്റൽ ലോകത്ത് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ ഈ നീക്കം.