ജെമിനി എഐ കരുത്തിൽ വീഡിയോ എഡിറ്റിംഗും ഷോപ്പിംഗുംമായി യൂട്യൂബ്; വമ്പൻ ഫീച്ചറുകൾ പ്രഖ്യാപിച്ചു
ക്രിയേറ്റർമാർക്കും ഉപയോക്താക്കൾക്കുമായി അത്യാധുനിക എഐ ടൂളുകളും പുതിയ ഷോപ്പിംഗ് ഫീച്ചറുകളും പ്രഖ്യാപിച്ച് യൂട്യൂബ്. ന്യൂയോർക്കിൽ നടന്ന വാർഷിക ഇവന്റായ 'മെയ്ഡ് ഓൺ യൂട്യൂബ്' കോൺഫറൻസിലാണ് ഡിജിറ്റൽ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായത്. വീഡിയോ എഡിറ്റിംഗ് കൂടുതൽ എളുപ്പമാക്കാനും ആഗോളതലത്തിൽ പ്രേക്ഷകരുമായുള്ള ഇടപെടൽ മെച്ചപ്പെടുത്താനുമാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്.
ഷോർട്‌സ്, യൂട്യൂബ് ക്രിയേറ്റ് ആപ്പുകളിൽ ജെമിനി എഐ അടിസ്ഥാനമാക്കിയുള്ള എഡിറ്റിംഗ് അസിസ്റ്റന്റ് ഉടനെത്തും. സംഭാഷണ രൂപത്തിലുള്ള നിർദ്ദേശങ്ങളിലൂടെ വീഡിയോകൾ ട്രിം ചെയ്യാനും ക്ലിപ്പുകൾ ക്രമീകരിക്കാനും സംഗീതം നൽകാനും ഇതിലൂടെ സാധിക്കും. കൂടാതെ, ക്രിയേറ്റർമാർക്ക് തങ്ങളുടെ വീഡിയോ ഡ്രാഫ്റ്റുകളെക്കുറിച്ച് കൃത്യമായ വിലയിരുത്തൽ നൽകാനും ശൈലിക്ക് അനുയോജ്യമായ തംബ്‌നെയിലുകൾ നിർമ്മിക്കാനും 'ആസ്ക് സ്റ്റുഡിയോ' ഫീച്ചർ സഹായിക്കും.
യൂട്യൂബിന്റെ ഷോപ്പിംഗ് അഫിലിയേറ്റ് പ്രോഗ്രാം ഈ വർഷാവസാനത്തോടെ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി ഇന്ത്യയിലും ബ്രസീലിലുമുള്ള ക്രിയേറ്റർമാർക്ക് തങ്ങളുടെ വീഡിയോകളിൽ ആമസോൺ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാനുള്ള അവസരം ലഭിക്കും. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ലൈവ് സ്ട്രീമുകൾക്കായി ഓട്ടോ-ഡബ്ബിംഗ് ഫീച്ചറും പരീക്ഷണാടിസ്ഥാനത്തിൽ എത്തും. പുതിയ ഫീച്ചറുകൾ വരുന്ന മാസങ്ങളിൽ ഘട്ടംഘട്ടമായി ഉപയോക്താക്കളിലേക്ക് എത്തും.
