400 വർഷം പഴക്കമുള്ള ആൽമരം ; അതും മൂന്ന് ഏക്കറിൽ

ബാംഗ്ലൂർ യാത്രകളിൽ വ്യത്യസ്ത ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടങ്ങൾ എപ്പോഴെങ്കിലും തിരഞ്ഞിട്ടുണ്ടോ? തീം കഫേ മുതൽ കബ്ബൺ പാർക്കിലെ ഞായറാഴ്ച സന്ദർശനങ്ങളും പിന്നെ ചെറിയ ചെറിയ ട്രിപ്പുകളും ഒക്കെയാവും മിക്കവരുടെയും ലിസ്റ്റിലെ ഐറ്റം. ഇതൊന്നുമല്ലാതെ മറ്റുചില കാഴ്ചകളും ഇവിടെയുണ്ട്. അതാണ് ദൊഡ്ഡ ആലട മര എന്ന ബിഗ് ബനിയൻ ട്രീ. പേരു കേൾക്കുമ്പോൾ ആൽമരം ആണെന്ന് മനസ്സിലാകുമെങ്കിലും ഒരു മരത്തിനെന്താ ഇത്രയും പ്രത്യേകത എന്നല്ലേ? ആൽമരം പലതും കണ്ടിട്ടുണ്ടെങ്കിലും ഒരു പ്രദേശം മുഴുവന് പടർന്ന് പന്തലിച്ച് നിൽക്കുന്ന ആൽമരം ബാംഗ്ലൂരിലേ കാണൂ. അതാണ് സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധമായ ദൊഡ്ഡ ആലട മര. ബാംഗ്ലൂരിൽ നിന്നും ഏകദിന യാത്രകൾക്ക് പറ്റിയ ബിഗ് ബനിയൻ ട്രീയെക്കുറിച്ച് വായിക്കാം.
ബാംഗ്ലൂരിൽ ഒരു ഒഴിവ് ദിവസം കിട്ടിയിട്ട് എന്തുചെയ്യണം എന്നറിയാത്തവർക്ക് പെട്ടന്നു പ്ലാൻ ചെയ്തു പോകാൻ കഴിയുന്ന യാത്രയാണ് ബിഗ് ബനിയൻ ട്രിയിലേക്കുള്ളത്. കുടുംബവുമൊത്ത് പോകാനും കുട്ടികൾക്ക് ഒരു പിക്നിക് അനുഭവം നല്കാനുമെല്ലാം പറ്റിയ ഈ സ്ഥലം വാരാന്ത്യ യാത്രകൾക്കാണ് പേരുകേട്ടിരിക്കുന്നത്. ബാംഗ്ലൂരിൽ നിന്നും 28 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ കാണാനുള്ളതും ആൽമരത്തിന്‍റെ കാഴ്ചകൾ തന്നെയാണ്. ഏകദേശം മൂന്ന് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ആൽമരം കൗതുകത്തിന് പുറമേ വ്യത്യസ്തമായ ഒരു കാഴ്ചാനുഭവവും നല്കുന്നു. 250 മീറ്ററിലധികം ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന മരത്തിന് 400 വർഷത്തിലേറെ പഴക്കം ഉണ്ട് . രാമോഹള്ളി എന്ന സ്ഥലത്താണ് ഈ മരം സ്ഥിതി ചെയ്യുന്നത്. കാണുമ്പോൾ ഒരുപാട് മരങ്ങൾ ചേർന്നതാണ് ഈ ആൽമരമെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഒറ്റ ആൽമരമേ ഇവിടെയുള്ളൂ. കാലപ്പഴക്കത്തിൽ വേരുകളിറങ്ങി നില്ക്കുന്ന കാഴ്ച പല മരങ്ങൾ ചേർന്നതാണ് ഇതെന്ന തോന്നലുണ്ടാക്കുന്നു. കർണ്ണാടകയിലെ ഏറ്റവും വലിയ ആൽമരം മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വലിയ. നാലാമത്തെ ആൽമരം എന്ന പ്രത്യേകതയും ഇതിനുണ്ട്. വർഷം ചെല്ലുംതോറും വലുപ്പും കൂടുന്ന മരം ഒരു കൗതുക കാഴ്ച തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സമയം ചിലവഴിക്കുവാൻ പറ്റിയ സ്ഥലം കൂടിയാണിത്. കുട്ടികൾക്ക് കളിക്കുവാനും ഒരു പിക്നിക് മൂഡിൽ ഒഴിവു സമയം ആസ്വദിക്കാനും പറ്റിയ ഇടമെന്ന നിലയിൽ ഇവിടം പ്രസിദ്ധമാണ്.