ഇൻഡിഗോയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും
വിമാന ഇന്ധനമായ എ.ടി.എഫിന് (ATF) വില ഉയർന്നതോടെ ഇൻഡിഗോയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും. എയർ ഇന്ത്യ എക്സ്പ്രസ്, ആകശ എയർ എന്നിവയും നിരക്ക് വർധന പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 9 മുതൽ പ്രാബല്യത്തിൽ വരും. സർചാർജ് വർധനയോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രകൾക്ക് ചെലവേറും.
ആഭ്യന്തര യാത്രകൾക്ക് ദൂരപരിധിക്കനുസരിച്ച് 400 രൂപ മുതൽ 1,200 രൂപ വരെയായിരിക്കും ഇന്ധന സർചാർജ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 55 ഡോളറും യൂറോപ്പിലേക്ക് 135 ഡോളറും വടക്കൻ അമേരിക്കയിലേക്ക് 215 ഡോളറുമാണ് അധികമായി ഈടാക്കുക.
മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിൽ 14 ശതമാനത്തോളം വർധനവുണ്ടായതാണ് കമ്പനികളെ നിരക്ക് കൂട്ടാൻ നിർബന്ധിതരാക്കിയത്. ഇൻഡിഗോ ഒക്ടോബർ 5-ന് തന്നെ ഇന്ധന സർചാർജും അനുബന്ധ സേവന നിരക്കുകളും വർധിപ്പിച്ചിരുന്നു. കൈക്കുഞ്ഞുങ്ങളുമായുള്ള യാത്ര, തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള നിരക്ക്, അധിക ലഗേജ് എന്നിവയുടെ ചാർജുകളും കമ്പനികൾ അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു.
