എയർ അറേബ്യയുടെ ആദ്യ ആഭ്യന്തര സർവീസിന് സൗദിയിൽ തുടക്കമായി

  1. Home
  2. Travel

എയർ അറേബ്യയുടെ ആദ്യ ആഭ്യന്തര സർവീസിന് സൗദിയിൽ തുടക്കമായി

air arabia


സൗദി അറേബ്യയിലെ ആദ്യ ആഭ്യന്തര സർവീസിന് എയർ അറേബ്യ തുടക്കം കുറിച്ചു. ദമ്മാമിൽ നിന്ന് തലസ്ഥാനമായ റിയാദിലേക്കാണ് കന്നി സർവീസ് നടത്തിയത്. പ്രതിവർഷം പത്ത് ദശലക്ഷം യാത്രക്കാരെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ പ്രവർത്തനം. ദമ്മാം ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനി നിലവിൽ റിയാദിന് പുറമേ ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കും സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

അടുത്ത നാല് വർഷത്തിനുള്ളിൽ 24 ആഭ്യന്തര സർവീസുകളും 57 അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കാനാണ് പദ്ധതി. ഘട്ടംഘട്ടമായി സേവനങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക് വിപുലീകരിക്കുമെന്ന് എയർ അറേബ്യ ഗ്രൂപ്പ് സി.ഇ.ഒ അദെൽ അൽ അലി അറിയിച്ചു.

നിലവിൽ ദമ്മാമിൽ നിന്ന് റിയാദിലേക്കും ജിദ്ദയിലേക്കും ദിവസവും രണ്ട് വീതം സർവീസുകളും മദീനയിലേക്ക് ഒരു സർവീസുമാണ് ക്രമീകരിച്ചിരിക്കുന്നത്. എയർ അറേബ്യ ഗ്രൂപ്പ്, നെസ്മ ഗ്രൂപ്പ്, കുൻ ഹോൾഡിംഗ് എന്നിവരടങ്ങുന്ന കൺസോർഷ്യത്തിന്റെ കൂട്ടായ്മയിലാണ് ഈ പുതിയ സംരംഭം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.