എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോർട്ട്
ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ, പൈലറ്റുമാരിൽ ഒരാൾ ലഹരി മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ഓഗസ്റ്റ് 5-നായിരുന്നു അപകടം. അഞ്ച് മിനിറ്റോളം ശക്തമായ ചുഴിയിൽ അകപ്പെട്ട വിമാനം പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു. ചില ജീവനക്കാരുടെ നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. 137 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
സംഭവത്തിന് പിന്നാലെ രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിഷയത്തിൽ അന്വേഷണം നടത്തിവരികയാണ്. പൈലറ്റിന്റെ ലഹരി ഉപയോഗവും അപകടവും തമ്മിൽ ബന്ധമുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) തുടരന്വേഷണം തീരുമാനിക്കുക.
പൈലറ്റുമാരുടെ ഡ്രഗ് സ്ക്രീനിംഗ് ടെസ്റ്റ് നടന്ന കാര്യം സ്ഥിരീകരിച്ച എയർ ഇന്ത്യ വക്താവ്, പരിശോധനാഫലം ഔദ്യോഗികമായി ലഭിക്കാത്തതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി. മാനദണ്ഡമനുസരിച്ച് ജീവനക്കാരുടെ ഡ്രഗ് ടെസ്റ്റുകൾ കൃത്യമായി നടത്താറുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.
