ബ്രിട്ടീഷ് എയർവേസ് ദുബായ് സർവീസ് പുനരാരംഭിച്ചു

  1. Home
  2. Travel

ബ്രിട്ടീഷ് എയർവേസ് ദുബായ് സർവീസ് പുനരാരംഭിച്ചു

british airways


പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായ് സർവീസുകൾ ബ്രിട്ടീഷ് എയർവേസ് പുനരാരംഭിച്ചു. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേസ് വിമാനം കഴിഞ്ഞ ദിവസം ദുബായിൽ ഇറങ്ങി. അതേസമയം അബുദാബി, റിയാദ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നത് വൈകുമെന്നാണ് വിവരം. ദോഹയിലേക്കുള്ള സർവീസ് കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് പുനരാരംഭിച്ചിരുന്നു.

ലണ്ടൻ-ദുബായ് റൂട്ടിൽ ശൈത്യകാലത്ത് ദിവസേന ഒരു സർവീസാണ് നിലവിൽ നടത്തുക. തുടർന്ന് 2027-ലെ വേനൽക്കാലം മുതൽ ദിവസേനയുള്ള സർവീസുകൾ രണ്ടെണ്ണമായി വർധിപ്പിക്കാൻ എയർലൈൻ ലക്ഷ്യമിടുന്നുണ്ട്. അതേസമയം അബുദാബിയിലേക്കുള്ള വിമാന സർവീസുകൾ ഇപ്പോഴും നിർത്തിവെച്ചിരിക്കുകയാണ്. 2027-28 ശൈത്യകാലത്തോടെ മാത്രമേ അബുദാബി സർവീസുകൾ പുനരാരംഭിക്കൂ എന്നാണ് ലഭിക്കുന്ന അറിയിപ്പ്.

നിലവിൽ ദോഹയിലേക്ക് ദിവസേന ഒരു സർവീസാണ് ബ്രിട്ടീഷ് എയർവേസ് നടത്തുന്നത്. അമ്മാനിലേക്കുള്ള സർവീസ് നവംബർ നാലിന് ആഴ്ചയിൽ നാല് വിമാനങ്ങളുമായി പുനരാരംഭിക്കും. അതേസമയം റിയാദിലേക്കുള്ള സർവീസുകൾ 2027 ജനുവരി 11 വരെ നിർത്തിവെച്ചിരിക്കുകയാണ്. ബഹ്‌റൈനിലേക്കുള്ള വിമാനങ്ങൾ മാർച്ച് അവസാനം വരെയുണ്ടാകില്ല.