ചൈനീസ് നഗരങ്ങളിലേക്ക് പറക്കാൻ ഇത്തിഹാദ്; അഞ്ച് പുതിയ ഇടങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങുന്നു

  1. Home
  2. Travel

ചൈനീസ് നഗരങ്ങളിലേക്ക് പറക്കാൻ ഇത്തിഹാദ്; അഞ്ച് പുതിയ ഇടങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങുന്നു

ETIHAD


ചൈനയിലേക്കുള്ള വിമാന സർവീസുകൾ വൻതോതിൽ വർദ്ധിപ്പിക്കാൻ ഇത്തിഹാദ് എയർവേയ്‌സ് തീരുമാനിച്ചു. അഞ്ച് പുതിയ ചൈനീസ് നഗരങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങുന്നതോടെ ആഴ്ചയിൽ 28 അധിക വിമാനങ്ങൾ ഇത്തിഹാദ് പറത്തും. ചൈനീസ് വിപണിയിൽ ഇത്തിഹാദ് നടത്തുന്ന ഏറ്റവും വലിയ വിപുലീകരണമാണിത്.

അബുദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാങ്ഹായ്, ഗ്വാങ്‌ഷൂ, ചെങ്‌ഡു, ഹാങ്‌ഷൂ, ഷെൻഷെൻ എന്നീ നഗരങ്ങളിലേക്കാണ് പുതിയ സർവീസുകൾ. നിലവിലുള്ള ബെയ്ജിങ് സർവീസിന് പുറമെയാണിത്. ഇതോടെ ചൈനയിലെ ആറ് പ്രധാന നഗരങ്ങളിലായി ആഴ്ചയിൽ ആകെ 35 സർവീസുകൾ ഇത്തിഹാദിനുണ്ടാകും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങളാണ് ഈ റൂട്ടുകളിൽ ഉപയോഗിക്കുക.

യുഎഇയും ചൈനയും തമ്മിലുള്ള ബിസിനസ്സ്, വിനോദസഞ്ചാര ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്ന് ഇത്തിഹാദ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ പറഞ്ഞു. യാത്രക്കാർക്ക് കൂടുതൽ കണക്റ്റിവിറ്റി നൽകുന്നതിനൊപ്പം ചരക്ക് നീക്കവും (Cargo) സുഗമമാക്കാൻ പുതിയ സർവീസുകൾ സഹായിക്കുമെന്ന് ഇത്തിഹാദ് അധികൃതർ വ്യക്തമാക്കി.