ഖത്തറിൽ വിമാന സർവിസുകൾ സാധാരണ നിലയിലേക്ക്
മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവിസുകൾ ഖത്തറിൽ സാധാരണ നിലയിലാകുന്നു. ഖത്തറിലേക്കും തിരിച്ചുമുള്ള വിദേശ വിമാനക്കമ്പനികളുടെ സർവിസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സർവിസുകൾ ഭാഗികമായി പുനരാരംഭിച്ചത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് (NOTAM) തിങ്കളാഴ്ച പുറത്തിറക്കി. ദേശീയ സുരക്ഷാ സ്ഥാപനങ്ങളുമായി ചേർന്ന് സാഹചര്യം വിലയിരുത്തിയ ശേഷമാണ് വ്യോമപാത പൂർണ്ണതോതിൽ തുറന്നുനൽകാൻ തീരുമാനിച്ചത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സർവിസുകൾ നടപ്പിലാക്കുക. മേഖലയിലെ സംഘർഷം കാരണം വ്യോമപാത അടച്ചതിനെത്തുടർന്ന് ഖത്തറിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരുന്നു. മാർച്ച് ഏഴിന് വ്യോമപാത ഭാഗികമായി തുറന്നതോടെ ഖത്തർ എയർവേസ് സർവിസുകൾ തുടങ്ങിയിരുന്നെങ്കിലും, വിദേശ വിമാനക്കമ്പനികൾക്ക് ഇപ്പോൾ ലഭിച്ച അനുമതി പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് സർവിസുകൾ പുനരാരംഭിക്കാൻ കഴിയുന്നതോടെ കേരളത്തിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കുമുള്ള യാത്ര സുഗമമാകും. സർവിസുകൾ കുറഞ്ഞതോടെ കുതിച്ചുയർന്ന ടിക്കറ്റ് നിരക്കുകൾ വരും ദിവസങ്ങളിൽ സാധാരണ നിലയിലാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. യാത്രക്കാർക്ക് വിമാന സമയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതത് എയർലൈനുകളുടെ വെബ്‌സൈറ്റുകൾ വഴി ലഭ്യമാകും.
