ഗൾഫ് എയർ ദമ്മാം വഴി കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു; യാത്രികർക്കായി ബസ് സൗകര്യവും ട്രാൻസിറ്റ് വിസ സഹായവും
ബഹ്‌റൈൻ വ്യോമപാത താൽക്കാലികമായി അടച്ച സാഹചര്യത്തിൽ യാത്രികരുടെ സൗകര്യാർഥം സൗദിയിലെ ദമ്മാം വിമാനത്താവളം വഴി കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയർ. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട്, കെനിയയിലെ നെയ്‌റോബി എന്നിവിടങ്ങളിലേക്കാണ് പുതുതായി താൽക്കാലിക സർവീസുകൾ വ്യാപിപ്പിച്ചത്. മാർച്ച് 23 മുതൽ 28 വരെയായിരിക്കും ഈ സർവീസുകൾ ലഭ്യമാകുക. നിലവിൽ ലണ്ടൻ, മുംബൈ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് ദമ്മാം വഴി ഗൾഫ് എയർ സർവീസ് നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു.
ബഹ്‌റൈനിൽ നിന്നുള്ള യാത്രക്കാർക്ക് ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്നതിനും തിരികെ വരുന്നതിനും ഗൾഫ് എയർ തന്നെ വാഹന സൗകര്യം ഒരുക്കും. ഉറപ്പായ ടിക്കറ്റുള്ള (Confirmed Ticket) യാത്രക്കാർക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാകുക. കൂടാതെ, ദമ്മാം വഴി യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ സൗദി ട്രാൻസിറ്റ് വിസ എടുക്കുന്നതിനും ഗൾഫ് എയർ പ്രത്യേക സഹായം നൽകും. യാത്രികർക്ക് വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ബഹ്‌റൈൻ സിവിൽ ഏവിയേഷൻ കാര്യാലയത്തിന്റെ അറിയിപ്പ് ലഭിക്കുന്നതുവരെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വ്യോമപാത തുറക്കുന്ന മുറയ്ക്ക് സാധാരണ നിലയിലുള്ള സർവീസുകൾ പുനരാരംഭിക്കുമെന്നും ഗൾഫ് എയർ വ്യക്തമാക്കി. വിമാന സർവീസുകൾ പുനഃക്രമീകരിച്ച സാഹചര്യത്തിൽ യാത്രക്കാർ മുൻകൂട്ടി വിവരങ്ങൾ തിരക്കി യാത്ര ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
