സൗദിയ വിമാനങ്ങളിൽ ഇനി അതിവേഗ ഇന്റർനെറ്റ് തികച്ചും സൗജന്യം

  1. Home
  2. Travel

സൗദിയ വിമാനങ്ങളിൽ ഇനി അതിവേഗ ഇന്റർനെറ്റ് തികച്ചും സൗജന്യം

saudia


സൗദിയ വിമാനങ്ങളിൽ യാത്രക്കാർക്ക് ഇനി മുതൽ സൗജന്യമായി ഹൈസ്പീഡ് ഇന്റർനെറ്റ് ആസ്വദിക്കാം. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് (PIF) കീഴിലുള്ള നിയോ എയ്‌റോസ്‌പേസ് ഗ്രൂപ്പുമായി (NSG) ചേർന്നാണ് സൗദിയ ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ വിമാനയാത്രയ്ക്കിടെ എല്ലാ യാത്രക്കാർക്കും സൗജന്യ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി നൽകുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ എയർലൈനുകളിൽ ഒന്നായി സൗദിയ മാറും.

എൻ‌എസ്‌ജി സ്കൈവേവ്സ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഈ സേവനം, 'എസ്ഇഎസ് ഓപ്പൺ ഓർബിറ്റ്സ്' എന്ന മൾട്ടി-ഓർബിറ്റ് നെറ്റ്‌വർക്ക് വഴിയാണ് ലഭ്യമാക്കുന്നത്. സൗദിയയുടെ ആഗോള ശൃംഖലയിലുടനീളമുള്ള വിമാനങ്ങളിൽ വേഗതയേറിയതും തടസ്സമില്ലാത്തതുമായ ഇന്റർനെറ്റ് ഇതിലൂടെ ഉറപ്പാക്കാൻ സാധിക്കും. യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ ഇരുന്നുതന്നെ ഔദ്യോഗിക ആവശ്യങ്ങൾക്കും വിനോദങ്ങൾക്കുമായി അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാമെന്നത് ഡിജിറ്റൽ യാത്രാനുഭവത്തിൽ വലിയ മാറ്റമുണ്ടാക്കും.

സൗദി വിഷൻ 2030-ന്റെ ഭാഗമായി വിനോദസഞ്ചാര-ഗതാഗത മേഖലകളിൽ ആധുനികവൽക്കരണം ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് അധികൃതർ വ്യക്തമാക്കി. അതിഥി സത്കാരത്തിലും സേവന മികവിലും പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കാനും ഡിജിറ്റൽ പരിവർത്തനത്തിലൂടെ യാത്രക്കാരുടെ സംതൃപ്തി വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്ന് സൗദിയ അറിയിച്ചു.