യൂത്ത് കോൺഗ്രസിനെതിരെ കെ.സി വേണുഗോപാൽ

യൂത്ത് കോൺഗ്രസിനെതിരെ കെ.സി വേണുഗോപാൽ. നേതൃത്വം ഭംഗിയായതുകൊണ്ട് കാര്യമില്ല അടിത്തറ ശക്തമാക്കണം. ഇല്ലെങ്കിൽ മുകളിലുള്ള ഭംഗി കുത്തനെ താഴേക്ക് പോകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയ പഠന ക്യാമ്പ് ഉദ്ഘാടനത്തിനിടെയായിരുന്നു കെ.സി വേണുഗോപാലിന്റെ പരാമർശം. യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് ദീർഘകാലമിരിക്കുകയും ഇത്തരം ക്യാമ്പുകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തതിന്റെ അനുഭവം വിശദീകരിച്ചു കൊണ്ട് ആരംഭിച്ച കെ.സി വേണുഗോപാൽ യൂത്ത് കോഗ്രസിനെ ഉപദേശിക്കുകയും സംഘടനയുടെ അടിത്തറയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
നേതൃത്വം ഭംഗിയാകുന്നത് പോലെ താഴെ തട്ടും ഭംഗിയാകണം എന്നാണ് കെ.സിയുടെ വിമർശനങ്ങളിൽ പ്രധാനപ്പെട്ടത്. അതല്ലായെങ്കിൽ മുകളിലെ ഭംഗി താഴേക്ക് ഒലിച്ചു പോകുമെന്നും അതുകൊണ്ട് വരുന്ന രണ്ട് മാസം സംഘടനയുടെ മണ്ഡലം ബ്ലോക്ക് ജില്ലാ തലങ്ങളിൽ കഴിവുറ്റവരെ നിയമിച്ച് സംവിധാനം ശക്തിപ്പെടുത്താനുള്ള ശ്രമം ഉണ്ടാവണമെന്നും കെ.സി പറഞ്ഞു. വരുന്ന തദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു യുവജന സംഘടന എന്ന നിലക്ക് യൂത്ത് കോൺഗ്രസിനെ സജീവമാക്കുകയും സജ്ജമാക്കുകയും ചെയ്യണമെങ്കിൽ അടിത്തട്ട് ശക്തിപ്പെടുത്തണമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.