ഖരീഫ് സീസൺ: സലാലയിലേക്ക് അധിക വിമാന സർവീസുകളുമായി സലാം എയർ

  1. Home
  2. Travel

ഖരീഫ് സീസൺ: സലാലയിലേക്ക് അധിക വിമാന സർവീസുകളുമായി സലാം എയർ

salam air


ഖരീഫ് സീസണിലെ വർധിച്ച തിരക്ക് കണക്കിലെടുത്ത് മസ്‌കത്തിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് സലാം എയർ. വരും ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ദോഫാറിലേക്കുള്ള യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ആഭ്യന്തര കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനം.

ഖരീഫ് ദോഫാർ 2026 സീസണിൽ സലാലയിലേക്കുള്ള സർവീസുകൾ സലാം എയർ മുൻപും വർധിപ്പിച്ചിരുന്നു. ഏപ്രിലിൽ പ്രതിദിനം 495 സീറ്റുകൾ ലഭ്യമായിരുന്നത് ജൂലൈ മാസത്തോടെ 1,505 ആയി ഉയർത്തിയിരുന്നു. ജൂലൈയിൽ മാത്രം ഒമാൻ എയറും സലാം എയറും ചേർന്ന് മസ്‌കത്ത്-സലാല റൂട്ടിൽ 192 അധിക സർവീസുകളും 35,639 അധിക സീറ്റുകളും ഒരുക്കിയിരുന്നു.

അതേസമയം, ഒമാനിലുള്ളവർക്ക് വൺവേ യാത്രയ്ക്ക് 9.99 ഒമാനി റിയാൽ മുതലുള്ള ആകർഷകമായ നിരക്കുകളും സലാം എയർ ലഭ്യമാക്കുന്നുണ്ട്. ഏറ്റവും പുതിയ 'സലാല' വിമാനം അടുത്തിടെ സർവീസിന്റെ ഭാഗമാക്കിയതും എയർലൈൻ ആഘോഷമാക്കിയിരുന്നു.