ഖരീഫ് സീസൺ: സലാലയിലേക്ക് യാത്രാത്തിരക്ക്; വിമാന സർവീസുകൾ വർധിപ്പിച്ചു

  1. Home
  2. Travel

ഖരീഫ് സീസൺ: സലാലയിലേക്ക് യാത്രാത്തിരക്ക്; വിമാന സർവീസുകൾ വർധിപ്പിച്ചു

salalah


ഖരീഫ് സീസണിനെ വരവേൽക്കാൻ സലാല ഒരുങ്ങിക്കഴിഞ്ഞു. സീസൺ കാലയളവിലെ തിരക്ക് കണക്കിലെടുത്ത് മസ്‌കത്ത്-സലാല റൂട്ടിൽ വിമാന സർവീസുകളുടെ എണ്ണവും സീറ്റ് ശേഷിയും അധികൃതർ ഗണ്യമായി വർധിപ്പിച്ചു. ജൂലൈ ആദ്യം മുതൽ സെപ്റ്റംബർ വരെ ഒമാൻ എയറും സലാം എയറും കൂടുതൽ സർവീസുകൾ നടത്തും. തിരക്കേറിയ ദിവസങ്ങളിൽ ഒമാൻ എയറിന്റെ 13 വിമാനങ്ങളും സലാം എയറിന്റെ 10 വിമാനങ്ങളും വരെ ഈ റൂട്ടിൽ സർവീസ് നടത്തും.

യാത്രക്കാർക്കായി ആകർഷകമായ നിരക്കുകളും വിമാനക്കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാൻ എയറിൽ വൺ-വേ ടിക്കറ്റിന് 32 ഒമാനി റിയാലും ടൂ-വേ ടിക്കറ്റിന് 54 റിയാലുമാണ് നിരക്ക്. സലാം എയറിൽ 9.99 റിയാലിൽ തുടങ്ങി ലഗേജ് ഉൾപ്പെടെയുള്ള ടൂ-വേ ടിക്കറ്റുകൾക്ക് 56.99 റിയാൽ വരെയാണ് നിരക്ക്.

ഇതുകൂടാതെ രാജ്യാന്തര സഞ്ചാരികൾക്കായി കണക്ടിവിറ്റിയും വർധിപ്പിച്ചിട്ടുണ്ട്. ദുബൈ, ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ വിമാനങ്ങൾ സലാലയിലേക്ക് എത്തും. എയർ ഇന്ത്യ എക്സ്പ്രസ്, ഇത്തിഹാദ്, ഫ്ലൈനാസ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ കമ്പനികൾ ഖരീഫ് സീസൺ പ്രമാണിച്ച് പ്രത്യേക സർവീസുകൾ ഒരുക്കുന്നുണ്ട്.