കാറുകളോടാണ് പ്രിയം ; റെക്കോര്‍ഡ് നേട്ടം കൊയ്ത് ഇന്ത്യൻ കാർ വിപണി

  1. Home
  2. Travel

കാറുകളോടാണ് പ്രിയം ; റെക്കോര്‍ഡ് നേട്ടം കൊയ്ത് ഇന്ത്യൻ കാർ വിപണി

car singapoor


ഓഗസ്റ്റ് മുതല്‍ മൂന്നു മാസം നീണ്ട ഉത്സവസീസണില്‍ ഗംഭീര വില്‍പന നേട്ടവുമായി ഇന്ത്യന്‍ കാര്‍ വിപണി. 90 ദിവസം നീണ്ട ഇക്കാലയളവില്‍ 10.30 ലക്ഷം കാറുകളാണ് രാജ്യത്ത് വിറ്റത്. ഇതുവഴി ഏതാണ്ട് 1.1 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഇന്ത്യയില്‍ കാര്‍ കമ്പനികള്‍ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.1 മുതല്‍ 8.5 ലക്ഷം വരെ കാറുകളാണ് വിറ്റിരുന്നത്. ഇന്ത്യന്‍ കാര്‍ വിപണി ഓരോ മാസവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഓഗസ്റ്റ് 17 മുതല്‍ നവരാത്രി വരെ നീണ്ട കാലയളവില്‍ കാര്‍വില്‍പനയില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് നേടിയിരിക്കുന്നത്. ഇക്കാലയളവില്‍ ഏഴു ലക്ഷം കാറുകള്‍ വിറ്റഴിഞ്ഞു.

നവരാത്രി മുതല്‍ സീസണ്‍ അവസാനിക്കുന്നതു വരെയുള്ള കാലയളവില്‍ 3.25 ലക്ഷത്തിനും 3.30 ലക്ഷത്തിനും ഇടക്ക് കാറുകള്‍ കൂടി വിറ്റഴിഞ്ഞു. ഇതോടെയാണ് ഇന്ത്യയിലെ ഉത്സവസീസണിലെ കാര്‍വില്‍പന പത്തു ലക്ഷവും കടന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കൂടുതല്‍ വില്‍പന നടത്താനായത് മാരുതി സുസുക്കിയുടെ കരുത്തു വര്‍ധിപ്പിച്ചിട്ടുണ്ട്. വന്‍ നഗരങ്ങളെ അപേക്ഷിച്ച് ചെറു പട്ടണങ്ങളിലേയും ഗ്രാമങ്ങളിലേയും മാരുതി സുസുക്കിയുടെ കാര്‍ വില്‍പന വര്‍ധിച്ചു. ഗ്രാമങ്ങളില്‍ 11 ശതമാനമാണ് വില്‍പന വളര്‍ച്ചയെങ്കില്‍ നഗരങ്ങളില്‍ ഇത് ഒമ്പതു ശതമാനമാണ്. ഇതോടെ മാരുതി സുസുക്കി കാറുകളുടെ ആകെ വില്‍പനയില്‍ 44 ശതമാനം ചെറുപട്ടണങ്ങളും ഗ്രാമങ്ങളും സ്വന്തമാക്കി. ഇന്ത്യയിലെ ആകെ കാര്‍വില്‍പനയില്‍ 31 ശതമാനമാണ് ഗ്രാമീണ മേഖലയിലെ വില്‍പന. ഉത്സവസീസണിലെ പ്രകടനം മെച്ചപ്പെട്ടതോടെ ഇന്ത്യയിലെ ഈ വര്‍ഷത്തെ ആകെ കാര്‍ വില്‍പനയിലും വര്‍ധനവുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2023ല്‍ ഒമ്പതു ശതമാനം വരെ വളര്‍ച്ച ഇന്ത്യന്‍ കാര്‍വിപണിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഉത്സവസീസണിലെ പ്രകടനം മെച്ചപ്പെട്ടതോടെ പ്രതീക്ഷിക്കുന്ന കാര്‍ വില്‍പനയില്‍ ഒരു ലക്ഷം വര്‍ധിച്ചു.