മൂന്നാർ, അതിരപ്പിള്ളി, ഗവി ; സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി യാത്ര

  1. Home
  2. Travel

മൂന്നാർ, അതിരപ്പിള്ളി, ഗവി ; സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി യാത്ര

MUNNAR


നവംബർ മാസത്തിന്‍റെ പകുതി കഴിഞ്ഞു. ഇതേ വേഗതയില്‍ അടുത്ത മാസവും ഈ വർഷവും കടന്നു പോകും. അതിനു മുമ്പേ കുറച്ചു യാത്രകൾ പോകണമെന്ന്  ഒരു ആഗ്രഹം കാണില്ലേ. അങ്ങനെയുണ്ടെങ്കിൽ ആ സമയംഇതാ വന്നിരിക്കുകയാണ്.  യാത്രകളുമായി കോഴിക്കോട് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം റെഡിയാണ്. കുറഞ്ഞ ചെലവിൽ കേരളത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങള്‍ കാണുവാനുള്ള യാത്രാ പാക്കേജുകൾ നവംബർ മാസത്തിൽ ഇനിയും കെ.എസ്.ആർ.ടിസി ഒരുക്കുന്നുണ്ട്. വിന്‍റർ യാത്രകളും ഏകദിന യാത്രകളും ഒക്കെയായി ഈ മാസത്തെ ബാക്കി ദിവസങ്ങൾ ആഘോഷിച്ചാലോ.

കോഴിക്കോട് നിന്നുള്ള വിനോദ യാത്രകൾ നോക്കാം
നവംബർ മാസത്തിലെ യാത്രകൾ ശൈത്യകാലം വന്നതോടെ ആളുകളുടെ യാത്രാ ആഗ്രഹങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. വിന്‍റർ ഡെസ്റ്റിനേഷനുകളും സമാധാനമായ ക്യാംപിങ്ങും ഒക്കെയാണ് ഈ സീസണിലെ യാത്രാ ട്രെൻഡുകൾ. മൂന്നാർ, വട്ടവട, വാഗമൺ പോലെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണവും ഈ സമയത്ത് കൂടും. കോഴിക്കോട് കെഎസ്ആർടിസിയും ഇത്തരത്തിലുള്ള യാത്രകൾ ഒരുക്കിയിട്ടുണ്ട്. അതിരപ്പള്ളി വാഴച്ചാൽ മൂന്നാർ പാക്കേജ് കോഴിക്കോട് നിന്ന് അതിരപ്പിള്ളിയും വാഴച്ചാലും സന്ദർശിക്കുന്ന പാക്കേജ് യാത്രക്കാർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പാക്കേജുകളിലൊന്നാണ്. കോഴിക്കോട് നിന്നും രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന യാത്രയിൽ ആദ്യം സന്ദർശിക്കുന്നത് അതിരപ്പിള്ളി വെള്ളച്ചാട്ടമാണ്.

കേരളത്തിലെ മികച്ച വെള്ളച്ചാട്ടങ്ങളിലൊന്നായ അതിരപ്പിള്ളി ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലം കൂടിയാണ്. ആഭ്യന്തര സഞ്ചാരികളും വിദേശികളുമടക്കം കേരളം സന്ദര്‍ശിക്കുന്ന സ‍ഞ്ചാരികൾ അതിരപ്പിള്ളി യാത്ര ഒഴിവാക്കാറില്ല. പശ്ചിമഘട്ട മലനിരയിലെ ഷോളയാർ റേഞ്ചിലെ അതിരപ്പിള്ളി കഴിഞ്ഞാൽ വാഴച്ചാൽ വെള്ളച്ചാട്ടം കൂടി കണ്ടു കഴിഞ്ഞ് നേരെ മൂന്നാറിലേക്ക് യാത്ര തുടരും. അന്ന് രാത്രിയും പിറ്റേന്ന് പകലും മൂന്നാറിൽ ചെലവഴിച്ച് രാത്രിയോടെ തിരികെ കോഴിക്കോടിന് മടങ്ങുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. നവംബർ 18, 25 തിയതികളിലാണ് കോഴിക്കോട് നിന്നും യാത്ര പുറപ്പെടുന്നത്. 1830 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഗവി പരുന്തുംപാറ യാത്ര കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ ആവശ്യപ്പെടുന്ന യാത്രകളിലൊന്നാണ് ഗവിയും പരുന്തുംപാറയും. കാട്ടിലൂടെ കിലോമീറ്ററുകൾ നീളമുള്ള യാത്രയാണ് ഗവി യാത്രയുടെ പ്രത്യേകത. അണക്കെട്ടുകൾ, വന്യമൃഗങ്ങൾ, വ്യൂ പോയിന്‍റുകൾ തുടങ്ങിയവ കണ്ടുപോകുന്ന യാത്ര കേരളത്തിൽ ഏറ്റവുമധികം സഞ്ചാരികൾ കെഎസ്ആർടിസി വഴി പോയ യാത്ര കൂടിയാണ്.

വാഗമണ്‍, കുമളി പാക്കേജ്
വിന്‍റർ സീസണിൽ കേരളത്തിൽ നിന്നും പോകാൻ പറ്റിയ യാത്രകളിലൊന്നാണ് വാഗമണ്ണും കുമളിയും കണ്ടുള്ള യാത്ര. ഏത് സീസണിലും സഞ്ചാരികൾ എത്തുന്ന ഇടമാണ് വാഗമൺ. ഇവിടുത്തെ മൊട്ടക്കുന്നുകൾ, പൈൻ ഫോറസ്റ്റ്, അഡ്വഞ്ചര്‍ പാർക്ക്, തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ. തുടർന്ന് കുമളി, കമ്പം, രാമക്കൽമേട് തുടങ്ങിയ സ്ഥലങ്ങളും ഈ യാത്രയിൽ സന്ദർശിക്കുന്നു. 4430 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്. യാത്രകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും  കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ   നമ്പറുകളില്‍ ബന്ധപ്പെടാം  9544477954, 9846100728