സൗദിയിൽ പുതിയ ‘ടൂറിസ്റ്റ് വീസ പാക്കേജ്’: ആദ്യഘട്ടത്തിൽ ഇന്ത്യക്കാർക്കും പ്രയോജനം

  1. Home
  2. Travel

സൗദിയിൽ പുതിയ ‘ടൂറിസ്റ്റ് വീസ പാക്കേജ്’: ആദ്യഘട്ടത്തിൽ ഇന്ത്യക്കാർക്കും പ്രയോജനം

saudi


വിദേശ സഞ്ചാരികൾക്കായി യാത്രാനടപടികൾ എളുപ്പമാക്കുന്ന പുതിയ ‘ടൂറിസ്റ്റ് വീസ പാക്കേജ്’ പദ്ധതിയുമായി സൗദി അറേബ്യ. ആദ്യഘട്ടത്തിൽ ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക. ഈജിപ്ത്, ജോർദാൻ, ബംഗ്ലാദേശ്, ഇന്തൊനീഷ്യ, പാക്കിസ്ഥാൻ, മെക്സിക്കോ എന്നിവയാണ് പട്ടികയിലെ മറ്റ് രാജ്യങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ വിദേശരാജ്യങ്ങളെ ഇതിൽ ഉൾപ്പെടുത്തുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദിയിലെ വിവിധ മന്ത്രാലയങ്ങളും ഇൻഷുറൻസ് അതോറിറ്റിയും സംയുക്തമായാണ് ഈ പരിഷ്കാരം കൊണ്ടുവരുന്നത്. അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ബുക്ക് ചെയ്യുന്ന പാക്കേജുകൾക്കൊപ്പമായിരിക്കും ഇനി വീസ അനുവദിക്കുക.

പുതിയ സംവിധാനം വഴി വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, ഇ-വീസ എന്നിവ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ഒരുമിച്ച് ബുക്ക് ചെയ്യാൻ സാധിക്കും. യാത്രയ്ക്കായി ഓരോ കാര്യങ്ങളും വെവ്വേറെ ചെയ്യേണ്ട ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാകും. വിനോദസഞ്ചാരികൾക്ക് സൗദിയിൽ കൂടുതൽ ദിവസം തങ്ങാനും വ്യത്യസ്തമായ ടൂറിസം പരിപാടികൾ തിരഞ്ഞെടുക്കാനും ഇത് സഹായകമാകും.

ട്രാവൽ ഏജൻസികൾക്കായി മികച്ച ഡിജിറ്റൽ സംവിധാനങ്ങളും സാങ്കേതിക പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. സൗദി വിഷൻ 2030-ന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി വഴി രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം മൂന്ന് കോടിയോളം വിനോദസഞ്ചാരികളാണ് സൗദി സന്ദർശിച്ചത്.