വ്യോമപാത വിലക്ക്: 16,400 യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ച് ഖത്തർ എയർവേസ്
മേഖലയിൽ വ്യോമപാത അടച്ചതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ 16,400-ഓളം യാത്രക്കാരെ ഖത്തർ എയർവേസ് സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. ഫെബ്രുവരി 28-നുണ്ടായ പ്രതിസന്ധിയെ തുടർന്ന് ദോഹയിൽ കുടുങ്ങിയ 8,000 പേർക്കും വിദേശങ്ങളിൽ പ്രയാസത്തിലായ 8,400 പേർക്കുമാണ് കമ്പനി അടിയന്തര സഹായമൊരുക്കിയത്. മുൻ അനുഭവ പരിചയമാണ് ഈ വലിയ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ തുണയായതെന്ന് ഖത്തർ എയർവേസ് സി.ഒ.ഒ അബ്ദുള്ള അലി അറിയിച്ചു.
ദോഹയിൽ കുടുങ്ങിയ യാത്രക്കാർക്കായി 61 ഹോട്ടലുകളിലായി 15,600-ലേറെ മുറികളും ഭക്ഷണവും സൗജന്യമായി നൽകി. ദിവസേന ലഭിച്ച 70,000-ത്തോളം കോളുകൾ കൈകാര്യം ചെയ്യാനും പ്രതിദിനം 8,000 ടിക്കറ്റുകൾ വീതം പുനഃക്രമീകരിക്കാനും പ്രത്യേക ജീവനക്കാരെ നിയോഗിച്ചിരുന്നു.
ജിദ്ദ, ദമ്മാം, റിയാദ്, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ നഗരങ്ങൾ വഴി പ്രത്യേക വിമാനങ്ങളും ബസ് സർവീസുകളും നടത്തിയാണ് യാത്രക്കാരെ തിരിച്ചെത്തിച്ചത്. മാർച്ച് ഏഴ് മുതൽ വിവിധ മന്ത്രാലയങ്ങളുടെയും എംബസികളുടെയും സഹകരണത്തോടെ പ്രത്യേക സർവീസുകൾ നടത്തി എല്ലാവരെയും സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചു.
