വിമാന യാത്രക്കാർക്ക് പവർ ബാങ്ക് നിയന്ത്രണം പുതുക്കി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി
വിമാന യാത്രക്കാർ കൊണ്ടുപോകുന്ന ലിഥിയം ബാറ്ററി പവർ ബാങ്കുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുതുക്കി. രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO), ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) എന്നിവയുടെ പുതിയ നിർദേശങ്ങൾ മുൻനിർത്തിയാണ് പരിഷ്കാരം. പുതിയ നിയമപ്രകാരം ഒരാൾക്ക് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ കൈവശം വെക്കാൻ അനുവാദമുള്ളൂ.
ഇവയുടെ ശേഷി മണിക്കൂറിൽ 100 വാട്ടോ അതിൽ കുറവോ ആയിരിക്കണം. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പവർ ബാങ്കുകൾ ഹാൻഡ് ബാഗേജിൽ (കാബിൻ ബാഗേജ്) മാത്രമേ അനുവദിക്കൂ. ചെക്ക് ഇൻ ബാഗേജിൽ ഇവ സൂക്ഷിക്കുന്നത് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, വിമാന യാത്രയ്ക്കിടയിൽ പവർ ബാങ്കുകൾ ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പാടില്ല. അടിയന്തര സാഹചര്യങ്ങളിൽ കാബിൻ ജീവനക്കാർക്ക് വേഗത്തിൽ കൈകാര്യം ചെയ്യേണ്ടതുള്ളതിനാൽ, പവർ ബാങ്കുകൾ ഓവർഹെഡ് കമ്പാർട്ട്മെന്റുകളിലോ സൈഡ് സ്റ്റോറേജ് ലോക്കറുകളിലോ വെയ്ക്കാതെ എളുപ്പത്തിൽ എടുക്കാവുന്ന രീതിയിൽ സൂക്ഷിക്കണം. എയർലൈനുകളുടെ പക്കൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടോയെന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് ഉറപ്പാക്കണമെന്നും ചട്ടങ്ങൾ ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അതോറിറ്റി വ്യക്തമാക്കി.
