ബാങ്കോക്കിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ച് റിയാദ് എയർ
സൗദി അറേബ്യയുടെ റിയാദ് എയർ ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ആരംഭിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്കിലെ സുവർണഭൂമി എയർപോർട്ടിലേക്കുള്ള ആദ്യവിമാന സർവീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഈ പുതിയ സർവീസ് സൗദിയും തായ്‌ലന്റും തമ്മിലുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കും.
വ്യാപാരം, ടൂറിസം, സാംസ്കാരിക കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാസൗകര്യം വർധിപ്പിക്കാനും ഇത് സഹായിക്കും. സൗദി വിപണിയിലും മിഡിൽ ഈസ്റ്റ് മേഖലയിലുമുള്ള പ്രവർത്തനം വിപുലീകരിക്കാൻ അനുയോജ്യമായ സമയത്താണ് ഈ പുതിയ സർവീസ് എത്തിയിരിക്കുന്നതെന്ന് തായ്‌ലന്റ് ടൂറിസം അതോറിറ്റി പ്രതിനിധി ചിരവാഡി ഖുൻസുപ് പറഞ്ഞു. മലയാളി പ്രവാസികൾക്കും മറ്റ് അന്താരാഷ്ട്ര യാത്രക്കാർക്കും ബാങ്കോക്കിലേക്കും തായ്‌ലന്റിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് വഴിയൊരുക്കും.
പ്രവർത്തനമാരംഭിച്ചതിന് ശേഷമുള്ള റിയാദ് എയറിന്റെ പ്രധാന സർവീസുകളിലൊന്നാണിത്. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും ബാങ്കോക്കിലേക്ക് നേരിട്ടുള്ള സർവീസ് നടത്തുക. തുടർന്ന് ഒക്ടോബർ മുതൽ ദിവസേന സർവീസ് ലഭ്യമാക്കും. ടൂറിസം, സാമ്പത്തിക മേഖലകളിൽ സൗദിയും തായ്‌ലന്റും തമ്മിൽ വളർന്നുവരുന്ന സഹകരണത്തിന്റെ തെളിവാണ് ഈ പുതിയ ചുവടുവെപ്പ്.
