മഡ്രിഡിലേക്ക് നേരിട്ട് സർവീസ് ആരംഭിച്ച് റിയാദ് എയർ; എയർ യൂറോപ്പയുമായി സഹകരണം

  1. Home
  2. Travel

മഡ്രിഡിലേക്ക് നേരിട്ട് സർവീസ് ആരംഭിച്ച് റിയാദ് എയർ; എയർ യൂറോപ്പയുമായി സഹകരണം

air europa


സൗദി അറേബ്യയുടെ പുതിയ ദേശീയ എയർലൈനായ 'റിയാദ് എയർ' സ്പെയിൻ തലസ്ഥാനമായ മഡ്രിഡിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചു. റിയാദിൽ നിന്നുള്ള ഉദ്ഘാടന വിമാനമായ RX0531 മഡ്രിഡിലെ അഡോൾഫോ സുവാരസ് മഡ്രിഡ്-ബരാജാസ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. റിയാദിൽ നിന്ന് സ്പെയിനിലേക്കുള്ള എയർലൈനിന്റെ ആദ്യ വ്യോമപാതയാണിത്.

സ്പെയിനിലെ മലാഗയിലേക്കുള്ള സീസണൽ സർവീസുകൾ ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മഡ്രിഡ് സർവീസിനും തുടക്കമായിരിക്കുന്നത്. സെപ്റ്റംബർ 8 വരെ കോസ്റ്റ ഡെൽ സോളിലേക്ക് യാത്രക്കാർക്ക് നേരിട്ടുള്ള യാത്രാ സൗകര്യം ലഭ്യമാകും. മഡ്രിഡ് വിമാനത്താവളത്തിൽ നടന്ന ഔദ്യോഗിക സ്വീകരണ ചടങ്ങിൽ റിയാദ് എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോണി ഡഗ്ലസ്, അത്‌ലറ്റിക്കോ മഡ്രിഡ് ക്ലബ് പ്രതിനിധികൾ, വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പ്രമുഖ സ്പാനിഷ് ഫുട്ബോൾ ക്ലബായ അത്‌ലറ്റിക്കോ മഡ്രിഡുമായുള്ള ഔദ്യോഗിക പങ്കാളിത്തത്തിലൂടെ സ്പാനിഷ് കായികരംഗത്തും റിയാദ് എയർ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

അതോടൊപ്പം, സ്പാനിഷ് വിമാനക്കമ്പനിയായ എയർ യൂറോപ്പയുമായി (Air Europa) റിയാദ് എയർ തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതനുസരിച്ച് കണക്റ്റിങ് സർവീസുകൾ, കോഡ്-ഷെയർ കരാറുകൾ, ലോയൽറ്റി പ്രോഗ്രാമുകളുടെ ഏകോപനം, കാർഗോ പങ്കാളിത്തം, ഡിജിറ്റൽ നവീകരണം എന്നിവയിൽ ഇരു കമ്പനികളും സഹകരിച്ച് പ്രവർത്തിക്കും. യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലുമുള്ള എയർ യൂറോപ്പയുടെ വിപുലമായ ശൃംഖല പ്രയോജനപ്പെടുത്താൻ ഈ കരാർ റിയാദ് എയറിനെ സഹായിക്കും.