കാശ്മീരിൽ മഞ്ഞുവീഴ്ച! സ്വർഗ്ഗതുല്യമായി ഗുൽമാർഗ്, സഞ്ചാരികൾ ഒഴുകുന്നു
മഞ്ഞുപെയ്യുന്ന കാശ്മീർ കാണാൻ കാത്തിരിക്കുന്ന സഞ്ചാരികൾക്കിതാ ഒരു സന്തോഷവാർത്ത. ശൈത്യകാലത്തിന് മുന്നോടിയായി കാശ്മീരിൽ മഞ്ഞുവീഴ്ച ആരംഭിച്ചു. ഇതോടെ കാഴ്ചകളുടെ കാര്യത്തിൽ സ്വർഗ്ഗതുല്യമായ ഇടമായി കാശ്മീർ വീണ്ടും രൂപം മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സഞ്ചാരികൾ രാജ്യത്ത് സന്ദർശിച്ച ഇടമായ കാശ്മീര്‍ വിന്‍റര്‍ സീസൺ ആയതോടെ വീണ്ടും സഞ്ചാരികളുടെ വരും പ്രതീക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാൾ സന്ദര്‍ശകർ ഈ വര്‍ഷം കാശ്മീരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞുവീഴ്ച തുടങ്ങിയതോടെ കാശ്മീരിലെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനവും സഞ്ചാരികളുടെ സ്വർഗ്ഗവും രാജ്യത്തെ ഏറ്റവും പഴക്കംചെന്ന ഹിൽ സ്റ്റേഷനും ആയ ഗുൽമാർഗിലും ഇതോടെ സീസൺ ആരംഭിച്ചിരിക്കുകയാണ്. മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഗുൽമാർഗിന്‍റെ മുഖവും മാറിയിട്ടുണ്ട്. മഞ്ഞ് പാളികളാൽ പൊതിഞ്ഞ മറ്റൊരു മനോഹരമായ പ്രദേശം പോലെ കാണപ്പെടുന്ന ഗുൽമാർഗ് ഇനി സഞ്ചാരികളിൽ നിറയാൻ അധിക താമസമുണ്ടാകില്ല.
കാശ്മീരിലെ ശൈത്യകാലം
കാശ്മീർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ശൈത്യകാലം. മഞ്ഞുപൊഴിയുന്ന പ്രഭാതങ്ങളും അതിമനോഹരമായ കാഴ്ചകളും ചേരുന്ന ഇവിടെ ഇതൊക്കെ വന്ന് കണ്ടില്ലെങ്കിൽ വൻ നഷ്ടമാണെന്നാണ് സഞ്ചാരികളുടെ പക്ഷം. കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് ഇത്തവണ അല്പം വൈകിയാണ് മഞ്ഞുവീഴ്ച ആരംഭിച്ചത്. താഴ്വാരങ്ങളിൽ മാത്രമല്ല, കാശ്മീരിന്‍റെ മുകൾ ഭാഗങ്ങളിലും മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മുകളിലും താഴ്ഭാഗങ്ങളിലും താപനിലയിലും കുറവു വന്നിട്ടുണ്ട്. ഗുൽമാർഗ്, ഗുരെസ് താഴ്വര, സാധന ചുരം, ഫിർക്കിയാൻ ഗലി, മച്ചിൽ കുപ്‌വാര തുടങ്ങിയ സ്ഥലങ്ങളിലും മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്യ മിക്കയിടങ്ങളും മഞ്ഞുപാളികളാൽ മൂടപ്പെട്ടു കിടക്കുകയാണ്. പുതിയതായി വീണ മഞ്ഞ് കുറഞ്ഞത് 6 ഇഞ്ച് വരെ കനത്തിൽ മൂടി കിടക്കുന്നുണ്ടെന്നാണ് വാർത്താ റിപ്പോര്‍ട്ടുകൾ പറയുന്നത്. കൂടാതെ ബുദ്ഗാമിലെ ദൂധപത്രിയിൽ നിന്നും കുൽഗാം, പീർ കി ഗലി, സിന്താൻ ടോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാശ്മീരിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അത് നടപ്പിലാക്കാന്‍ പറ്റിയ സമയം ഇതാണ്. ദീപാവലി അവധി, ക്രിസ്മസ്, വര്‍ഷാവസാന യാത്രകൾ, പുതുവര്‍ഷ യാത്രകൾ എന്നിങ്ങനെ കാശ്മീരിലേക്കു യാത്ര ചെയ്യാൻ സഞ്ചാരികൾ ഓരോ കാരണങ്ങൾ കണ്ടെത്തും. അതുകൊണ്ടുതന്നെ തിരക്കേറിയ സീസൺ ആണ് കാശ്മീരിൽ വരാൻ പോകുന്നത്. വിന്‍റർ ടൂറിസം കാശ്മീർ വിനോദസഞ്ചാരത്തിനും സാമ്പത്തിക മേഖലയ്ക്കും ഏറെ ശക്തി പകരുന്ന സമയം കൂടിയാണ്.
ഗുൽമാർഗ്
കാശ്മീരിലെ മഞ്ഞുവീഴ്ച ഏറെ ഗുണം ചെയ്യുന്ന സ്ഥലങ്ങളിലൊന്ന് ഗുൽമാർഗ് ആണ്. സ്കീയിങ്ങിന് പേരുകേട്ട ഗുൽമാർഗ് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സ്കീയിങ് ഡെസ്റ്റിനേഷൻ കൂടിയാണ്. പുഷ്പങ്ങളുടെ മൈതാനം എന്നാണ് ഗുൽമാർഗ് എന്ന വാക്കിനർത്ഥമെങ്കിലും മഞ്ഞുകാലമാകുമ്പോഴേയ്ക്കും നാടോടിക്കഥകളിൽ വായിച്ചു കേട്ടതുപോലെയൊരു സൗന്ദര്യത്തിലേക്ക് ഈ നാട് മാറുംം. ബ്രിട്ടീഷുകാരാണ് ഗുല്‍മാർഗിനെ ഇന്നുള്ള പ്രസിദ്ധിയിലേക്ക് എത്തിച്ചത്. കാശ്മീരിൽ ആദ്യം തന്നെ മഞ്ഞുവീഴ്ച ആരംഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഗുൽമാർഗ്. മഞ്ഞുവീഴ്ച കൂടുന്നതോടെ സ്കീയിങ്ങിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തിത്തുടങ്ങും. മഞ്ഞുവീഴ്ച കാണാനാണ് സാധാരണക്കാർ ഇവിടേക്കു വരുന്നതെങ്കിൽ മറ്റുള്ളവരെ ഇവിടുത്തെ സ്കീയിങ് തന്നെയാണ് ആകർഷിക്കുന്നത്. അതേ സമയം, കശ്മീരിലെ ബാരാമുള്ളയിൽ മഞ്ഞുവീഴ്ചയുണ്ടെന്നാണ് റിപ്പോർട്ട്. മുഗൾ റോഡ്, അനന്ത്നാഗ്-കിഷ്ത്വാർ റോഡ് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച കാരണം റോഡിൽ വഴുക്കലുള്ളതിനാൽ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്