ടാറ്റ ഹാരിയറിനും സഫാരിക്കും ഇപ്പോൾ ഒന്നര ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും

  1. Home
  2. Travel

ടാറ്റ ഹാരിയറിനും സഫാരിക്കും ഇപ്പോൾ ഒന്നര ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും

harrison


ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ മോഡലുകളാണ് ടാറ്റ ഹാരിയറും സഫാരിയും. ഈ രണ്ട് വാഹനങ്ങളുടെയും ഫേസ്ലിഫ്റ്റ് പതിപ്പുകൾ അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഒക്ടോബർ 17നാണ് ഈ വാഹനങ്ങൾ രാജ്യത്ത് ലോഞ്ച് ചെയ്തത്. ഡിസൈനിലും സവിശേഷതകളിലും വലിയ മാറ്റങ്ങളോടെയാണ് പുതിയ മോഡലുകൾ വരുന്നത്. എന്നാൽ നിങ്ങൾക്കിപ്പോൾ ഈ വാഹനങ്ങളുടെ പഴയ മോഡലുകൾ കുറഞ്ഞ വിലയിൽ വാങ്ങാം. ആകർഷകമായ കിഴിവുകളാണ് ഫേസ്ലിഫ്റ്റിന് മുമ്പുള്ള മോഡലുകൾക്ക് ലഭിക്കുന്നത്. ഫേസ്ലിഫ്റ്റിന് മുമ്പുള്ള ടാറ്റ ഹാരിയറും സഫാരിയും മികച്ച സവിശേഷതകളും ഡിസൈനുമുള്ളവയാണ്. പുതിയ മോഡലുകൾ ഇതിൽ നിന്നും നിരവധി മെച്ചപ്പെടുത്തലുകളോടെ വരുന്നുണ്ട് എങ്കിലും പഴയ മോഡലുകളെ പഴഞ്ചൻ എന്ന് വിളിച്ച് തള്ളിക്കളയാവുന്നവയല്ല. അതുകൊണ്ട് തന്നെ ഈ മോഡലുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന നിരവധി ആളുകളുമുണ്ട്. ഇത്തരം ആളുകൾക്ക് ഇപ്പോൾ 1.40 ലക്ഷം രൂപ വരെ കിഴിവാണ് ടാറ്റ മോട്ടോഴ്സ് നൽകുന്നത്. ഇതിൽ പല വിധത്തിലുള്ള ഓഫറുകൾ ഉൾപ്പെടുന്നു.

ഓഫറുകൾ
പ്രീ-ഫേസ്‌ലിഫ്റ്റഡ് ടാറ്റ സഫാരി, ഹാരിയർ എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മൊത്തത്തിൽ ലഭിക്കുന്നത് 1.40 ലക്ഷം രൂപ കിഴിവാണ്. ഇതിൽ 75,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകൾ ഉൾപ്പെടുന്നു. ഇത് കൂടാതെ എക്സ്ചേഞ്ച് ബോണസായി 50,000 രൂപ കിഴിവും 15,000 രൂപയുടെ കോർപ്പറേറ്റ് ഓഫറുകളും ലഭിക്കും. രാജ്യത്തുടനീളമുള്ള ഡീലർമാർ പഴയ പതിപ്പിന്റെ സ്റ്റോക്ക് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനാൽ തന്നെ ഈ ഓഫറുകൾക്ക് പുറമേ വലിയ ഡീലർ എൻഡ് ആനുകൂല്യങ്ങളും ലഭ്യമാകും. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അറിയാൻ അടുത്തുള്ള ഡീലർഷിപ്പ് സന്ദർശിക്കാം.

എഞ്ചിൻ
ഫേസ്‌ലിഫ്റ്റ് പതിപ്പുകൾക്ക് നിരവധി പുതിയ ഫീച്ചറുകളും ഡിസൈൻ മെച്ചപ്പെടുത്തലും ലഭിച്ചിട്ടുണ്ട് എങ്കിലും മെക്കാനിക്കലായി പഴയ പതിപ്പിന് സമാനമായ ഫീച്ചറുകൾ തന്നെയാണ് പുതിയ ഹാരിയറിലും സഫാരിയിലുമുള്ളത്. 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ യൂണിറ്റ് എന്നിവയുമായി ഘടിപ്പിച്ച 2.0-ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് രണ്ട് വാഹനങ്ങൾക്കും കരുത്ത് നൽകുന്നത്. ഈ ബിഎസ്6 2.0 കംപ്ലയിന്റ് എഞ്ചിൻ 168 ബിഎച്ച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.

ഫേസ്ലിഫ്റ്റ് പതിപ്പുകൾ
ഫേസ്ലിഫ്റ്റ് ടാറ്റ സഫാരിക്കും ഹാരിയറിനും പുതിയ ഫ്രണ്ട് ഫാസിയയാണുള്ളത്. ബോണറ്റിന്റെ വീതിയിൽ വ്യാപിച്ചുകിടക്കുന്ന എൽഇഡി ഡിആർഎൽ ലൈറ്റുകളും ഇവയിലുണ്ട്. പിൻഭാഗത്തും ഫുൾ വിഡ്ത്ത് എൽഇഡി ടെയിൽ ലൈറ്റുകളുണ്ട്. പുത്തൻ ഫോർ-സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് ഹാരിയറിന്റെയും സഫാരിയുടെയും പുതിയ പതിപ്പുകളിലുള്ളത്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ. ഡ്രൈവർ ഡിസ്‌പ്ലേ, ടച്ച്-ഓപ്പറേറ്റഡ് ക്ലൈമറ്റ് കൺട്രോൾ പാനൽ എന്നിവയാണ് മറ്റ് സവിശേഷതകൾ.

പുതിയ സവിശേഷതകൾ
ഫേസ്ലിഫ്റ്റ് ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളിൽ ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ജെസ്റ്റർ കൺട്രോൾ ടെയിൽഗേറ്റ്, വയർലെസ് ചാർജർ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിങ്ങനെയുള്ള സവിശേഷതകളുണ്ട്. പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ADAS സുരക്ഷാ സാങ്കേതികവിദ്യ എന്നിവയും ഈ എസ്‌യുവികളുടെ പുതിയ പതിപ്പുകളിൽ ഉണ്ട്. ഏഴ് എയർബാഗുകൾ, ഇഎസ്പി, 360-ഡിഗ്രി ക്യാമറ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.