കിടിലൻ ഫീച്ചറുകളുമായി 2024 സുസുക്കി സ്വിഫ്റ്റ് ഉടൻ വരുന്നു

  1. Home
  2. Travel

കിടിലൻ ഫീച്ചറുകളുമായി 2024 സുസുക്കി സ്വിഫ്റ്റ് ഉടൻ വരുന്നു

SWIFT


വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് 2024 മോഡൽ മാരുതി സുസുക്കി സ്വിഫ്റ്റ്. ഈ ഹാച്ച്ബാക്ക് അടിമുടി പുതുക്കിയായിരിക്കും വിപണിയിലെത്താൻ പോകുന്നത്. ഇതിന്റെ ആഗോള മോഡലായ 2024 സുസുക്കി സ്വിഫ്റ്റ് ഈ വർഷമാദ്യം നടന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ ആദ്യമായി പ്രദർശിപ്പിച്ചിരുന്നു. വാഹന സാങ്കേതിക വിദ്യയുടെ ഭാവിയിലേക്ക് കടക്കുന്ന രീതിയിൽ വിപുലമായ ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റംസ് (ADAS)ആണ് ഈ വാഹനത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചർ. 2024 സുസുക്കി സ്വിഫ്റ്റിലുള്ള ഈ ഫീച്ചറുകൾ ഇന്ത്യൻ സ്‌പെക്ക് മാരുതി സുസുക്കി സ്വിഫ്റ്റിലേക്ക് എത്തുമോ എന്ന് സുസുക്കി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയിൽ കണ്ട കാറിന്റെ ചില ടെസ്റ്റ് മോഡലുകളിൽ ADAS റഡാർ കട്ട്-ഔട്ട് സെറ്റ് ചെയ്തിട്ടുണ്ട്. ഇതിലൂടെ ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റംസ് ഇന്ത്യയിലെത്തുന്ന മോഡലിലും ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. മികച്ച മൈലേജും ഈ വാഹനം നൽകുമെന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2024 സുസുക്കി സ്വിഫ്റ്റിൽ ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ട് നൽകിയിട്ടുണ്ട്. വാഹനങ്ങളെയും കാൽനടയാത്രക്കാരെയും തിരിച്ചറിയാൻ ക്യാമറയും ലേസർ സെൻസറും ഉപയോഗിക്കുന്ന ഫീച്ചറായിരിക്കും ഉണ്ടായിരിക്കുക. ഇതുവഴി കൂട്ടിയിടിക്കാനും അപകടം ഉണ്ടാക്കാനുമുള്ള സാധ്യതകൾ കുറയ്ക്കുന്നു. നോട്ടിഫിക്കേഷനുകൾ അയയ്‌ക്കുന്നതിലൂടെയും ബ്രേക്കിങ്ങിന് സഹായിക്കുന്നതിലൂടെയും ആവശ്യമുള്ളപ്പോൾ ഓട്ടോമാറ്റിക്കായി ബ്രേക്കുകൾ പ്രയോഗിക്കുന്നതിലൂടെയുമാണ് ഇത് സാധ്യമാകുന്നത്. ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചാൽ ഹൈവേകളിൽ സുരക്ഷാ നിലവാരം ഗണ്യമായി ഉയരും.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളാണ് ജപ്പാൻ സ്‌പെക്ക് 2024 സ്വിഫ്റ്റിന്റെ മറ്റൊരു സവിശേഷത. കാറിന്റെ മുന്നോട്ടുള്ള ട്രാക്ക് സൂക്ഷിക്കുകയും വേഗത നിയന്ത്രിച്ച് ഓട്ടോമാറ്റിക്കായി സുരക്ഷിതമായ ദൂരം നിലനിർത്തുകയും ചെയ്യാൻ ഈ ക്രൂയിസ് കൺട്രോൾ ഫീച്ചറിന് സാധിക്കും. വളവുകൾ വളയ്ക്കുമ്പോഴോ ലൈനുകൾ മാറ്റുമ്പോഴോ പോലും ആക്സിലറേഷനും ഡിസെലറേഷനും നിയന്ത്രിക്കാൻ ഈ സിസ്റ്റം സെൻസറുകൾ ഉപയോഗിക്കുന്നു. സുരക്ഷ വൻതോതിൽ ഉയർത്താൻ ഫീച്ചറിന് സാധിക്കും.
ഡ്രൈവർ മോണിറ്ററിങ്
2024 സ്വിഫ്റ്റിൽ ഡ്രൈവർ മോണിറ്ററിങ് സംവിധാനവും സെറ്റ് ചെയ്തിട്ടുണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനൊപ്പം സംയോജിപ്പിച്ചിരിക്കുന്ന ക്യാമറ ഡ്രൈവറുടെ മുഖഭാവങ്ങളും കണ്ണുകളുടെ ചലനങ്ങളും നോട്ടത്തിന്റെ ദിശയും സൂക്ഷ്മമായി പരിശോധിക്കുന്നു. ഡ്രൈവർ ക്ഷീണത്തിന്റെയോ ശ്രദ്ധക്കുറവിന്റെയോ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ലൈവ് അലേർട്ടുകൾ കാറിൽ സെറ്റ് ചെയ്യുകയും ഇതുവഴി മൊത്തത്തിലുള്ള സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു.
ഹെഡ്‌ലൈറ്റ് കൺട്രോൾ സിസ്റ്റം
ഹൈ, ലോ ബീമുകൾ മാറിമാറി ഉപയോഗിച്ച് കാഴ്ച വർധിപ്പിക്കുന്ന ഹെഡ്‌ലൈറ്റ് കൺട്രോൾ സിസ്റ്റം 2024 സുസുക്കി സ്വിഫ്റ്റിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഒരു മോണോക്യുലർ ക്യാമറയും മില്ലിമീറ്റർ വേവ് റഡാറും ചേർന്ന് ഹൈ ബീം റേഞ്ച് നിയന്ത്രിക്കാനും മുന്നിലുള്ള വാഹനത്തിൽ പ്രതിഫലിക്കുന്ന വെളിച്ചം കുറയ്ക്കാനും ഇത് സഹായിക്കും. ഹെഡ്‌ലൈറ്റ് നിയന്ത്രണത്തിന് പുറമേ 2024 സുസുക്കി സ്വിഫ്റ്റ് ഒരു ലെയ്ൻ-കീപ്പ് ഫംഗ്ഷനും അവതരിപ്പിക്കുന്നു. ഡ്രൈവിങ് ലൈനിൽ തന്നെ വാഹനത്തെ നിർത്താൻ ഓട്ടോമാറ്റിക് സ്റ്റിയറിങ് സെറ്റ് ചെയ്യുന്നു. മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേയിൽ സൈനുകൾ പ്രദർശിപ്പിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു റോഡ് സൈൻ ഡിറ്റക്ഷൻ സംവിധാനം കാറിൽ നൽകിയിട്ടുണ്ട്. നോ-എൻട്രി മുന്നറിയിപ്പുകളും റെഡ് ലൈറ്റ് അലേർട്ടുകളും പ്രത്യേകം മുന്നറിയിപ്പായി കാണിക്കുന്നു. ഈ ADAS ഫീച്ചറുകൾ കൂടാതെ ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, സ്റ്റാർട്ട് നോട്ടിഫിക്കേഷൻ സൗണ്ട്, 360-ഡിഗ്രി ക്യാമറ സിസ്റ്റം, അപകടങ്ങൾ തടയാൻ തുടക്കത്തിൽ തന്നെ എഞ്ചിൻ ഔട്ട്പുട്ട് കുറയ്ക്കുന്ന ഫംഗ്‌ഷനുകൾ തുടങ്ങിയവയും പുതിയ സ്വിഫ്റ്റിലുണ്ട്.