വ്യോമപാത സാധാരണ നിലയിൽ; കുവൈത്ത് - ജസീറ എയർവേയ്‌സുകൾ സർവീസ് പുനരാരംഭിച്ചു
താൽക്കാലികമായി അടച്ചിട്ടിരുന്ന കുവൈത്ത് വ്യോമപാത വീണ്ടും തുറന്നതോടെ രാജ്യത്തെ ഔദ്യോഗിക വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സും പ്രമുഖ ബജറ്റ് എയർലൈനായ ജസീറ എയർവേയ്‌സും തങ്ങളുടെ സർവീസുകൾ പൂർണ്ണതോതിൽ പുനരാരംഭിച്ചു. മേഖലയിലെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇന്ന് പുലർച്ചെ 4:50 മുതലായിരുന്നു കുവൈത്ത് വ്യോമപാതയിലൂടെയുള്ള വിമാന സർവീസുകൾക്ക് താൽക്കാലികമായി വിലക്കേർപ്പെടുത്തിയിരുന്നത്.
വ്യോമയാന സുരക്ഷയും യാത്രക്കാരുടെ സുരക്ഷിതത്വവും മുൻനിർത്തിയായിരുന്നു ഈ അടിയന്തര നടപടി. തടസ്സപ്പെട്ട സർവീസുകൾ എത്രയും വേഗം പുനഃക്രമീകരിക്കാനുള്ള ശ്രമത്തിലാണ് എയർലൈനുകൾ ഇപ്പോൾ. താൽക്കാലിക വിലക്ക് കാരണം യാത്ര മുടങ്ങിയവർക്ക് മറ്റ് വിമാനങ്ങളിൽ യാത്രയ്ക്കുള്ള സൗകര്യമൊരുക്കുമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. ഇന്നത്തെ ടിക്കറ്റുകൾ റദ്ദാക്കുന്നതിനോ ബുക്കിങ്ങിൽ മാറ്റം വരുത്തുന്നതിനോ യാതൊരുവിധ അധിക ഫീസും ഈടാക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വിമാനങ്ങൾ റീഷെഡ്യൂൾ ചെയ്യുന്ന മുറയ്ക്ക് യാത്രക്കാരെ നേരിട്ട് വിവരങ്ങൾ അറിയിക്കുമെന്ന് ജസീറ എയർവേയ്‌സും വ്യക്തമാക്കി. യാത്ര പുറപ്പെടുന്നതിന് മുമ്പായി വിമാനങ്ങളുടെ നിലവിലെ സമയം വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർ മുൻകൂട്ടി ഉറപ്പുവരുത്തേണ്ടതുണ്ട്. മുൻകരുതൽ നടപടികൾ പിൻവലിച്ചതോടെ കുവൈത്ത് വ്യോമപാതയിലെ ഗതാഗതം പൂർണ്ണമായും സാധാരണ നിലയിലായതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷനും വ്യക്തമാക്കി.
