എമിറേറ്റ്‌സിൽ ഇനി ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ചും ടിക്കറ്റെടുക്കാം
ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി എമിറേറ്റ്‌സ് എയർലൈൻസ്. ലൈസൻസുള്ള ക്രിപ്റ്റോ എക്സ്ചേഞ്ച് കമ്പനിയായ 'ക്രിപ്‌റ്റോ.കോം' (Crypto.com) എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഈ ഡിജിറ്റൽ പേയ്മെന്റ് സേവനം എമിറേറ്റ്സ് ലഭ്യമാക്കുന്നത്. യു.എ.ഇയിലെ താമസക്കാർക്കാണ് നിലവിൽ ഈ സേവനം ഉപയോഗിക്കാനാകുക.
എമിറേറ്റ്സിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പേയ്മെന്റ് ഘട്ടത്തിൽ 'Crypto.com Pay' തെരഞ്ഞെടുക്കാവുന്നതാണ്. യു.എ.ഇയിലെ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യു.എ.ഇ ദിർഹത്തിൽ തന്നെ നിരക്കുകൾ നിശ്ചയിച്ചാണ് ഇടപാടുകൾ നടത്തുന്നത്.
സിങ്കപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിപ്‌റ്റോ.കോം, യു.എ.ഇ സെൻട്രൽ ബാങ്കിൽ നിന്ന് 'സ്റ്റോർഡ് വാല്യൂ ഫെസിലിറ്റീസ്' ലൈസൻസ് ലഭിക്കുന്ന ആദ്യ വെർച്വൽ അസറ്റ് സർവീസ് പ്രൊവൈഡറാണ്. രാജ്യത്ത് കൂടുതൽ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി ക്രിപ്റ്റോ പേമെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എമിറേറ്റ്സിന്റെ ഈ പുതിയ നീക്കം.
