മസ്കത്തിൽ നിന്ന് മക്കയിലേക്കും മദീനയിലേക്കും യാത്ര എളുപ്പമാകുന്നു; പുതിയ സർവീസുമായി ഫ്ലൈനാസ്
ഒമാനിൽ നിന്ന് ഉംറ തീർഥാടനത്തിന് പോകുന്നവർക്ക് കൂടുതൽ യാത്രാ സൗകര്യമൊരുക്കി സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസ്. ഡിസംബർ ഒന്നുമുതൽ മസ്കത്തിൽ നിന്ന് ജിദ്ദയിലേക്ക് കമ്പനി നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കും. ആഴ്ചയിൽ മൂന്ന് ദിവസമാണ് ഈ റൂട്ടിൽ സർവീസ് നടത്തുക.
ജിദ്ദയിലെത്തുന്ന യാത്രക്കാർക്ക് അവിടെനിന്ന് മക്കയിലേക്കും മദീനയിലേക്കും എളുപ്പത്തിൽ യാത്ര തുടരാൻ സാധിക്കും. ഇതോടെ ഒരേ യാത്രയിൽ തന്നെ ഇരുഹറമുകളും സന്ദർശിക്കാൻ തീർഥാടകർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.
ഫ്ലൈനാസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, കോൾ സെന്റർ, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവ വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. പുതിയ വിമാന സർവീസ് ഒമാനിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
