യുഎഇ നൽകുന്ന ഉറപ്പ്; ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഏറ്റവും സുരക്ഷിത നഗരങ്ങളായി അബുദാബിയും ദുബായ്‍യും
തനിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലോകത്ത് ഏറ്റവും സുരക്ഷിതമായ നഗരങ്ങളായി യുഎഇയിലെ അബുദാബിയും ദുബായ്‍യും തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ ട്രാവൽ ഏജൻസിയായ 'ട്രാവൽബാഗ്' പുറത്തുവിട്ട 2025-ലെ ആഗോള പഠന റിപ്പോർട്ടിലാണ് യുഎഇ നഗരങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്ക്, മികച്ച പോലീസ് സംവിധാനം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് യുഎഇയെ സോളോ ട്രാവലേഴ്സിന്റെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.
ലോകമെമ്പാടുമുള്ള 36 പ്രധാന നഗരങ്ങളിലെ പകൽസമയത്തെയും രാത്രികാലത്തെയും സുരക്ഷാ സ്‌കോറുകൾ പരിശോധിച്ചാണ് പഠനം തയ്യാറാക്കിയത്. അബുദാബിക്ക് പകൽ സമയത്തെ സുരക്ഷയിൽ 92 പോയിന്റും രാത്രിയിൽ 87 പോയിന്റും ലഭിച്ചു. തൊട്ടുപിന്നാലെയുള്ള ദുബായ് പകൽ 91-ഉം രാത്രിയിൽ 83-ഉം പോയിന്റുകളാണ് നേടിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒമാൻ തലസ്ഥാനമായ മസ്‌കത്തും പട്ടികയിൽ നാലാം സ്ഥാനത്തെത്തി മികച്ച നേട്ടം കൈവരിച്ചു.
സോളോ ട്രാവലേഴ്സ് തങ്ങളുടെ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് സുരക്ഷയ്ക്കാണ്. യുഎഇ നഗരങ്ങൾക്ക് പുറമെ തായ്‌ലൻഡിലെ ചിയാങ് മായ്, ന്യൂസിലൻഡിലെ ക്വീൻസ്ടൗൺ എന്നിവയും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.
