പശ്ചിമേഷ്യൻ സംഘർഷം: ഖത്തറിൽ സന്ദർശക വിസകളുടെ താൽക്കാലിക ഇളവുകൾ അവസാനിക്കുന്നു; പഴയ നിയമങ്ങൾ ജൂൺ 7 മുതൽ
പശ്ചിമേഷ്യയിലെ പ്രത്യേക സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തറിലുള്ള സന്ദർശക വിസക്കാർക്ക് നൽകിയിരുന്ന താൽക്കാലിക ഇളവുകൾ അവസാനിക്കുന്നു. രാജ്യത്ത് കാലാവധി കഴിഞ്ഞതും അവസാനിക്കാറായതുമായ എല്ലാത്തരം സന്ദർശക വിസകളുടെയും (Visitor Visas) കാലാവധി നീട്ടി നൽകിയിരുന്ന ആനുകൂല്യമാണ് ജൂൺ മുതൽ നിർത്തലാക്കുന്നത്. അടുത്ത മാസം ജൂൺ ഏഴ് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
മേഖലയിലെ സംഘർഷ സാധ്യതകൾ മുൻനിർത്തി കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു മാനുഷിക പരിഗണനയോടെ വിസ കാലാവധി താൽക്കാലികമായി നീട്ടി നൽകിക്കൊണ്ട് മന്ത്രാലയം പ്രത്യേക ഉത്തരവിറക്കിയത്. എന്നാൽ ജൂൺ ഏഴ് മുതൽ രാജ്യത്തെ എല്ലാ സന്ദർശക വിസകൾക്കും പഴയതുപോലെ സാധാരണ നിയമങ്ങൾ തന്നെയായിരിക്കും ബാധകമാകുക. വിസ കാലാവധി പുതുക്കുന്നതിനുള്ള ഫീസുകളും നിബന്ധനകളും മുൻപത്തെപ്പോലെ തന്നെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ഖത്തറിലുള്ള എല്ലാ താമസക്കാരും സന്ദർശകരും തങ്ങളുടെ വിസ സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. വിസ പുതുക്കേണ്ടവർ നിശ്ചിത സമയത്തിനകം ആവശ്യമായ ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കണം. അല്ലാത്തപക്ഷം വിസ കാലാവധി അവസാനിക്കുന്നതോടെ രാജ്യം വിടാൻ തയ്യാറാകണം. നിയമപരമായ നടപടികളും പിഴകളും ഒഴിവാക്കാൻ എല്ലാവരും മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.
