പോപ്പുലര്‍ ഫ്രണ്ട്,എസ്ഡിപിഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് തുടരുന്നു; 13 നേതാക്കള്‍ കസ്റ്റഡിയില്‍, പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

  1. Home
  2. Trending

പോപ്പുലര്‍ ഫ്രണ്ട്,എസ്ഡിപിഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് തുടരുന്നു; 13 നേതാക്കള്‍ കസ്റ്റഡിയില്‍, പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

nia


സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, വയനാട് തുടങ്ങിയ ഇടങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്. തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണ് റെയ്ഡ്. രാവിലെ 3. 30ഓടെയാണ് റെയ്ഡ് ആരംഭിച്ചത്.

പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂര്‍ പറക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ് നടന്നത്. കണ്ണൂര്‍ താണയിലുള്ള ഓഫീസിലാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ തൃശ്ശൂരില്‍നിന്നാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. തൃശ്ശൂരില്‍ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങള്‍. പെരുമ്പിലാവിലെ വീട്ടില്‍ നടത്തിയ റെയ്ഡിനുശേഷമാണ് യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്തും, പെരുവന്താനത്തുമാണ് റെയ്ഡ് നടന്നത്. ജില്ലാ നേതാക്കളടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വീടുകളില്‍നിന്ന് മൊബൈല്‍ ഫോണുകളും, ടാബും, ലാപ്ടേപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

13 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിആര്‍.പി.എഫ് സുരക്ഷയോടെയാണ് റെയ്ഡ് നടന്നത്. റെയ്ഡിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളില്‍തന്നെ സി.ആര്‍.പി.എഫ് സംഘം കൊച്ചിയില്‍ എത്തിയിരുന്നു. സംസ്ഥാന പോലീസിനെപ്പോലും ഒഴിവാക്കി ആയിരുന്നു റെയ്ഡ്. വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റിലായവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. 15 പേരെ ലക്ഷ്യമാക്കിയാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. കൊച്ചിയിലെ എന്‍ഐഎ ഓഫീസിനും സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റെയ്ഡില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വാര്‍ത്താകുറിപ്പ് ഇറക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആര്‍എസ്എസ് ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.എന്‍ഐഎ റെയ്ഡ് ഭരണകൂട ഭീകരതയെന്ന് പോപുലര്‍ ഫ്രണ്ട് പ്രതികരിച്ചു.