മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുകളില്ല; 20000 ത്തോളം വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിൽ

  1. Home
  2. Trending

മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുകളില്ല; 20000 ത്തോളം വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിൽ

Students


മലപ്പുറത്ത് ഈ വർഷവും 20,000ത്തോളം കുട്ടികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കില്ല. ജില്ലയിൽ ഈ വട്ടം 77,827 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച് ഉന്നത പഠനത്തിന് അർഹരായത്. എന്നാൽ സർക്കാർ ,എയ്ഡഡ് സ്‌കൂളുകളിലായി ആകെ  41950 സീറ്റുകൾ  മാത്രമാണ് പ്ലസ് വണിലുള്ളത്. 11,300 അൺ എയ്ഡഡ് കൂടെ പരിഗണിച്ചാലും ആകെ 53,250 സീറ്റുകൾ മാത്രമേയുള്ളൂ.

ഇതിനോടൊപ്പം താൽക്കാലിക ബാച്ചുകളും, വിഎച്സി ,ഐടിഐ സീറ്റുകൾ കൂടി ഉൾപ്പെടുത്തിയാലും 20,000 വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരമുണ്ടാകില്ല. പ്ലസ് വൺ സീറ്റ് ക്ഷാമമുള്ള മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 150 ഓളം  അധിക ബാച്ചുകൾ അനുവദിക്കണമെന്ന് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച പ്രഫ.വി.കാർത്തികേയൻ നായർ സമിതി ശുപാർശ ചെയ്തിരുന്നു.

കുട്ടികൾ തീരെ കുറഞ്ഞ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ ബാച്ചുകൾ ഇവിടേക്കു മാറ്റുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യണം. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രം  ഒരു ബാച്ചിൽ പരമാവധി 55 കുട്ടികൾ എന്ന 10% മാർജിനൽ സീറ്റ്  അനുവദിക്കാം. മറ്റു ജില്ലകളിലെല്ലാം മാർജിനൽ സീറ്റുകൾ അനുവദിക്കാതെ ഒരു ബാച്ചിലെ കുട്ടികളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു.