അഞ്ച് അണലി; 14 കാട്ടുപാമ്പ്: സന്നിധാനത്തുനിന്ന് പിടികൂടിയത് 33 പാമ്പുകളെ

  1. Home
  2. Trending

അഞ്ച് അണലി; 14 കാട്ടുപാമ്പ്: സന്നിധാനത്തുനിന്ന് പിടികൂടിയത് 33 പാമ്പുകളെ

sabarimala


സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി. ഇന്നു രാവിലെ ഒൻപതരയോടെ പതിനെട്ടാം പടിക്കു താഴെ മഹാ കാണിയ്ക്ക ഭാഗത്തുനിന്ന് അപ്പം, അരവണ കൗണ്ടറുകളിലേക്കു പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. നൂറുകണക്കിനു ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണു കൈവരിയിൽ നീണ്ടു നിവർന്നു കിടക്കുന്ന നിലയിൽ രണ്ടടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്.

ഉടൻതന്നെ ഈ ഭാഗത്തുകൂടി തീർഥാടകർ അടിപ്പാതയിലേക്കു കടക്കുന്നതു തടഞ്ഞു. സംഭവം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്നു പിടികൂടാനുള്ള ശ്രമത്തിനിടെ പാമ്പ് കൈവരിയിൽനിന്നു പടിക്കട്ടിലേക്കു ചാടി. തുടർന്ന് ഇവിടെനിന്നു പാമ്പിനെ പിടികൂടി കുപ്പിയിൽ ആക്കി. ഇതോടെയാണ് 20 മിനിറ്റോളം നീണ്ടുനിന്ന ഉദ്വേഗത്തിനു വിരാമമായത്. വിഷമില്ലാത്തയിനം കാട്ടുപാമ്പ് ആണ് ഇതെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സന്നിധാനത്തിന്റെ പല ഭാഗങ്ങളിൽനിന്നു വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്കു സമീപത്തുനിന്നു പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ്.

തീർഥാടനം തുടങ്ങിയശേഷം സന്നിധാനത്തുനിന്ന് ഇതുവരെ 33 പാമ്പുകളെ വനം വകുപ്പ് പിടികൂടി ഉൾവനത്തിൽ വിട്ടു. 5 അണലികളെയും 14 കാട്ടുപാമ്പുകളെയും ഉൾപ്പെടെയാണ് പിടികൂടിയത്. തീർഥാടന കാലം സുരക്ഷിതമാക്കുന്നതിന് വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സന്നിധാനത്തെ വനം വകുപ്പ് സ്പെഷൽ ഓഫിസർ ലിതേഷ് ടി. പറഞ്ഞു. 

തീർഥാടനത്തിനു മുന്നോടിയായി പരമ്പരാഗത പാതകളിൽ അപകടാവസ്ഥയിൽ ഉണ്ടായിരുന്ന മരച്ചില്ലകൾ മുറിച്ചു നീക്കി. കല്ലുകളും മറ്റു തടസ്സങ്ങളും നീക്കം ചെയ്ത് ശുചീകരിച്ചു. സന്നിധാനത്തു നിന്നു മാത്രം 93 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടു. അംഗീകൃത പാമ്പ് പിടുത്തക്കാരും എലിഫന്റ് സ്കോഡുകളും ഉൾപ്പെടെയുള്ള വനപാലകർ തീർഥാടകരുടെ സുരക്ഷ ഒരുക്കാൻ സജ്ജരാണ്. സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് പരമ്പരാഗത പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

മറ്റു വഴികളിലൂടെ യാത്ര ചെയ്യുന്നത് അപകടസാധ്യതകൾ ഉണ്ടാക്കും. ആദിവാസി വിഭാഗത്തിലുള്ളവർ ഉൾപ്പെടുന്ന വനംവകുപ്പിന്റെ എക്കോ ഗാർഡുകളും തീർഥാടകർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്. പമ്പയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള  സ്പെഷൽ കൺട്രോൾ റൂമാണ് വനം വകുപ്പിന്റെ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.