കെ ബി ഗണേഷ് കുമാറിന്റെ ഇടപെടൽ; ഷീബയ്ക്ക് സൗജന്യ ചികിത്സ നൽകുമെന്ന് ആസ്റ്റർ മെഡി സിറ്റി

  1. Home
  2. Trending

കെ ബി ഗണേഷ് കുമാറിന്റെ ഇടപെടൽ; ഷീബയ്ക്ക് സൗജന്യ ചികിത്സ നൽകുമെന്ന് ആസ്റ്റർ മെഡി സിറ്റി

kb ganesh kumar


ഏഴുതവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ യുവതിക്ക് സൗജന്യമായ ചികിത്സ ലഭ്യമാക്കുമെന്ന് ആസ്റ്റർ മെഡി സിറ്റി. പത്തനാപുരം സ്വദേശി ഷീബയെ ഇന്ന് എറണാകുളത്തെ ആസ്റ്റർ മെഡി സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കും. പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. 

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറു വേദന കാരണം ഷീബ ഡോക്ടറെ കാണിച്ചപ്പോഴാണ് ഗർഭാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് ഗർഭാശയം നീക്കം ചെയ്തു. എന്നാൽ ഒന്നര മാസത്തിനു ശേഷം ആരോഗ്യ സ്ഥിതി മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാൽ വേദന കുറയാതെയായതോടെ പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ പോയെങ്കിലും ചകിത്സ നൽകാതെ അവഗണിച്ചു. ഒരു വർഷത്തിനിടയിൽ 7 ശസ്ത്രക്രിയകളാണ് ഷീബയ്ക്ക് നടത്തിയത്. ശസ്ത്രക്രിയ നടത്തിയ ഭാഗം ഡോക്ടർമാർ ഒന്നു തുന്നിക്കെട്ടാൻ പോലും തയ്യാറായില്ലെന്ന് ഷീബ ആരോപിച്ചു.

ഷീബയ്ക്ക് ശസ്ത്രക്രിയ നടത്തിയപ്പോൾ ഉണ്ടായ പിഴവ് കെ ബി ഗണേഷ് കുമാര്‍ ഇന്നലെ നിയമസഭയിൽ ഉന്നയിച്ചിരുന്നു. വിഷയം ആരോഗ്യമന്ത്രിയെ അറിയിച്ചതിനെ തുടർന്ന് അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജും അറിയിച്ചിരുന്നു. രോഗികളില്‍നിന്ന് ഇടനിലക്കാര്‍ വഴിയോ അല്ലാതെയോ കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.