മദ്രസകൾ നമുക്ക് ആവശ്യമില്ല, 600 എണ്ണം പൂട്ടിച്ചെന്ന് അസം മുഖ്യമന്ത്രി

  1. Home
  2. Trending

മദ്രസകൾ നമുക്ക് ആവശ്യമില്ല, 600 എണ്ണം പൂട്ടിച്ചെന്ന് അസം മുഖ്യമന്ത്രി

Asam cm


മദ്രസകൾ നമുക്ക് ആവശ്യമില്ലെന്നും മദ്രസകളുടെ പ്രവർത്തനം താൻ നിർത്തിവെപ്പിച്ചെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവജി മഹാരാജ് ​ഗാർഡനിൽ വെച്ച് നടന്ന റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം അടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബംഗാളിൽ നിന്നും ആളുകൾ വരികയാണ്. നമ്മുടെ നാ​ഗരികതയേയും സംസ്കാരത്തേയും തകർത്തുകൊണ്ട് അവർ ഇവിടെ മദ്രസകൾ പണിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

നമുക്ക് സ്കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികളുമാണ് ആവശ്യം, അല്ലാതെ മദ്രസകളല്ല. അതുകൊണ്ട് തന്നെ ഇതുവരെ 600 മദ്രസകൾ താൻ പൂട്ടിയെന്നും ബാക്കിയുള്ളവയുടെയും പ്രവർത്തനം അവസാനിപ്പിക്കുമെന്നും ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. 

ഒരിക്കൽ ഡൽഹി ഭരണാധികാരി ക്ഷേത്രങ്ങൾ പൊളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞിരുന്നതെങ്കിൽ ഇന്ന് മോദിയുടെ ഭരണത്തിൽ ക്ഷേത്രങ്ങൾ പണിയുന്നതിനെ കുറിച്ചാണ് പറയുന്നത്. ഇതാണ് പുതിയ ഇന്ത്യ. കോൺഗ്രസ് ഇന്ന് പുതിയ മുഗളന്മാരെ പ്രതിനിധീകരിക്കുകയാണെന്നും രാജ്യത്തെ ദുർബലപ്പെടുത്താനാണ് അവർ ശ്രമിക്കുന്നതെന്നും ഹിമന്ദ ബിശ്വ ശർമ്മ കുറ്റപ്പെടുത്തി. ഇതിനു മുൻപും റാലിക്കിടെ ഹിമന്ദ ബിശ്വ ശർമ്മ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ബാബരി മസ്ജിദല്ല പകരം രാമജന്മഭൂമിയാണ് നമുക്ക് വേണ്ടതെന്ന പരാമർശം ഏറെ വിവാദമായിരുന്നു.