ചന്ദ്രശേഖർ ആസാദിന്റെ സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ 67 പേരെ പോലീസ് അറസ്റ്റ് ചെയ്തു

  1. Home
  2. Trending

ചന്ദ്രശേഖർ ആസാദിന്റെ സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ 67 പേരെ പോലീസ് അറസ്റ്റ് ചെയ്തു

  chandrashekhar azad 


ആസാദ് സമാജ് പാർട്ടി നേതാവും എംപിയുമായ ചന്ദ്രശേഖർ ആസാദിന്റെ പ്രയാഗ് രാജിലെ സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ 67 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ എട്ട് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇസോട്ട ഗ്രാമത്തിലെ കർച്ചനയിൽ കൊല്ലപ്പെട്ട ദലിതനായ ദേവി ശങ്കറിന്റെ കുടുംബത്തെയും സമീപ ജില്ലയായ കൗശാമ്പിയിലെ അതിജീവിതയെയും കാണാനെത്തിയതായിരുന്നു ചന്ദ്രശേഖർ ആസാദ്. എന്നാൽ എം.പിയുടെ സന്ദർശനത്തിന് പോലീസ് അനുമതി നിഷേധിച്ചു.

ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ പോലീസും ഭരണകൂടവും കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സന്ദർശിക്കാൻ അനുമതി നിഷേധിച്ചത്. ചന്ദ്രശേഖർ ആസാദിന്റെ അനുയായികൾ സ്ഥലത്ത് പ്രശ്‌നങ്ങളുണ്ടാക്കുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും തീവെക്കുകയും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞെന്നുമാണ് പോലീസ് പറയുന്നത്. എംപി ചന്ദ്രശേഖർ ആസാദിനെ കാണാൻ ഗ്രാമത്തിൽ ഒത്തുകൂടിയ ആളുകൾ അദ്ദേഹം എത്തുന്നില്ലെന്ന് അറിഞ്ഞതോടെ പ്രകോപിതരായെന്നും ജനക്കൂട്ടം കല്ലെറിയുകയും രണ്ട് പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തവെന്നാണ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന 53 പേർക്കെതിരെയും അല്ലാത്ത 500 ഓളം പേർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്.

ദേശീയ സുരക്ഷാ നിയമവും ഗുണ്ടാ നിയമവും ഉൾപ്പെടുയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിവേക് ചന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞു. പൊതു സ്വത്തിന് നാശനഷ്ടം വരുത്തിയതിന് നിയമപരമായ വ്യവസ്ഥകൾ പ്രകാരം പ്രതികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, കർച്ചനയിൽ പ്രശ്നമുണ്ടാക്കിയത് തന്റെ പാർട്ടി പ്രവർത്തകരല്ലെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. ആസാദ് സമാജ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സുനിൽ കുമാർ ചിറ്റോഡും ആരോപണങ്ങൾ നിഷേധിച്ചു, അക്രമത്തിൽ ഉൾപ്പെട്ടവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും ഞങ്ങളുടെ പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ നടത്തിയ ആസൂത്രിത ഗൂഢാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു.