രാജ്യത്ത് ഭീകരാക്രമണ പദ്ധതി: പാക് ബന്ധമുള്ള 7 പേർ അറസ്റ്റിൽ

  1. Home
  2. Trending

രാജ്യത്ത് ഭീകരാക്രമണ പദ്ധതി: പാക് ബന്ധമുള്ള 7 പേർ അറസ്റ്റിൽ

arrested


പാക് ഭീകരസംഘടനകളുമായി ചേർന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്ഫോടനങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും പദ്ധതിയിട്ട ഏഴ് പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഡൽഹി പോലീസ്, പഞ്ചാബ് കൗണ്ടർ ഇന്റലിജൻസ്, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (ATS) എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭീകരബന്ധമുള്ള പത്തിലധികം പേരെയാണ് പിടികൂടിയത്.

മുംബൈയിൽ നിന്ന് അറസ്റ്റിലായ മൊസാബ് അഹ്ദം, മുഹമ്മദ് ഹമദ് എന്നിവർക്ക് ജയ്ഷെ മുഹമ്മദ്, ഐഎസ് എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കളിപ്പാട്ട കാറുകൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചു കടത്തി ആക്രമണം നടത്താനായിരുന്നു ഇവരുടെ നീക്കം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഭീകരവാദ ആശയങ്ങളിൽ ആകൃഷ്ടരായ ഇവർ മുംബൈയിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെപ്പോലും സ്വാധീനവലയത്തിലാക്കിയതായി റിപ്പോർട്ടുകളുണ്ട്.

പഞ്ചാബിലെ വിവിധ പോലീസ് സ്റ്റേഷനുകൾ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയും പോലീസ് പൊളിച്ചു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ (ISI) പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘത്തിലെ മൂന്ന് പേരെയാണ് പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. പാക് ഓർഡനൻസ് ഫാക്ടറിയുടെ മുദ്രയുള്ള ഗ്രനേഡുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു. പ്രതികളിൽ ഒരാളെ ഗുജറാത്ത് എടിഎസുമായി ചേർന്ന് അഹമ്മദാബാദിൽ നിന്നാണ് പിടികൂടിയത്.

നേപ്പാൾ അതിർത്തി വഴി ആയുധങ്ങൾ കടത്തിയ ഇമ്രാൻ, മുഹമ്മദ് കമ്രാൻ എന്നിവരെ ഡൽഹി പോലീസും അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച കാറും ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. ബിഹാറിലെ നളന്ദയിൽ എൻഐഎയും (NIA) ബിഹാർ എടിഎസും സംയുക്തമായി നടത്തിയ റെയ്ഡിൽ മൂന്ന് പേർ കൂടി പിടിയിലായിട്ടുണ്ട്. ഇവരിൽ നിന്ന് പാക് നിർമ്മിത ഗ്രനേഡുകളും തോക്കുകളും കണ്ടെടുത്തു. രാജ്യത്തുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.