മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും; തടയാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

  1. Home
  2. Trending

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും; തടയാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

modi


പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ കരുതലുമായി കേന്ദ്രസര്‍ക്കാര്‍. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് ബിബിസി വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ നിന്നും ബിബിസി ഡോക്യുമെന്ററി വീഡിയോ നീക്കം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം, യൂട്യൂബില്‍ നിന്നും ട്വിറ്ററില്‍ നിന്നും വീഡിയോ നേരത്തെ നീക്കം ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിലടക്കം കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിരീക്ഷണം തുടരുകയാണ്. അതേസമയം ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രഖ്യാപിച്ചിട്ടുണ്ട്.
'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്ഐ അറിയിച്ചത്. ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ ഇന്നു വൈകിട്ട് പ്രദര്‍ശിപ്പിക്കും.

കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. ജനുവരി 27ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ കോളജുകളിലും പ്രദര്‍ശനമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. കാലടി സര്‍വകലാശാലയിലും കുസാറ്റിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പറഞ്ഞു.

ഡോക്യുമെന്ററി ഡല്‍ഹി ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഇടത് സംഘടനകളും അറിയിച്ചിട്ടുണ്ട്. അതേസമയം ഡോക്യുമെന്ററി പ്രദര്‍ശനം സര്‍വകലാശാല തടഞ്ഞു. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റില്‍ ഡോക്യുമെന്ററിയുടെ ആദ്യഭാഗം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെതിരെ എബിവിപി പരാതി നല്‍കിയിട്ടുണ്ട്.